ദുബായ് > അടിയന്തര വെടിനിർത്തൽ ചർച്ചകൾ പുനരാരംഭിക്കാനുള്ള ആഹ്വാനവുമായി യുഎഇ. ദോഹയിലോ കെയ്റോയിലോ ഓഗസ്റ്റ് 15 ന് അടിയന്തര ചർച്ച പുനരാരംഭിക്കണമെന്ന് ഖത്തറും ഈജിപ്തും യുഎസും ഇസ്രായേലിനോടും ഹമാസിനോടും ആവശ്യപ്പെട്ടു. ഗാസ വെടിനിർത്തൽ കരാറിലെത്തുന്നതിനും ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള ചർച്ചകൾ പുനരാരംഭിക്കുന്നതിന് ഖത്തർ, ഈജിപ്ത്, യുഎസ് എന്നീ രാജ്യങ്ങൾ നടത്തിയ ആഹ്വാനത്തിൽ യുഎഇയും പങ്കു ചേർന്നു.
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി, ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസി, യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ ഇസ്രായേലും ഹമാസും കൂടിക്കാഴ്ച നടത്തി ഗാസ മുനമ്പിൽ വെടിനിർത്തൽ കരാർ അന്തിമമാക്കാൻ ആവശ്യപ്പെട്ടു. ഹമാസിന്റെയും ഹിസ്ബുള്ളയുടെയും മുതിർന്ന അംഗങ്ങൾ കൊല്ലപ്പെട്ടതിന് ശേഷമുള്ള സ്ഥിതി ഗതികളേ തുടർന്നാണിത്.
ഇടപാടിന് മധ്യസ്ഥത വഹിക്കാൻ ശ്രമിക്കുന്ന മൂന്ന് രാജ്യങ്ങളും ഓഗസ്റ്റ് 15 ന് ദോഹയിലേക്കോ കെയ്റോയിലേക്കോ ഇരു പാർട്ടികളെയും ക്ഷണിച്ചു. ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പുറപ്പെടുവിച്ച പ്രസ്താവന പ്രകാരം, ഓഗസ്റ്റ് 15 ന് അടിയന്തര കൂടിയാലോചന പുനരാരംഭിക്കാനുള്ള ആഹ്വാനത്തോട് പ്രതികരിക്കാൻ ബന്ധപ്പെട്ട കക്ഷികളോട് യുഎഇ അഭ്യർത്ഥിച്ചു.