കുവൈത്ത് സിറ്റി> ആർട്ടിക്കിൾ 18 പ്രകാരം റെസിഡൻസി പെർമിറ്റ് കൈവശം വച്ചിരിക്കുന്ന താമസക്കാർക്കും പ്രവാസികൾക്കും കമ്പനികളിലേക്കോ സ്ഥാപനങ്ങളിലേക്കോ പങ്കാളികളോ മാനേജിംഗ് പങ്കാളികളോ ആയി പ്രവേശിക്കുന്നതിൽ വാണിജ്യ വ്യവസായ മന്ത്രാലയം വിലക്ക് ഏർപ്പെടുത്തി. ഇത്തരം സ്ഥാപനങ്ങളുടെയും ലൈസൻസ് താൽക്കാലികമായി മരവിപ്പിച്ചു.
ലൈസൻസ് റദ്ദാക്കിയത് കമ്പനികളുടെയും സ്ഥാപനങ്ങളുടെയും എസ്റ്റാബ്ലിഷ്മെൻറ് റിന്യൂവൽ, നിലവിലെ സ്ഥിതി ഭേദഗതി ചെയ്യൽ എന്നിവയെ താൽകാലികമായി ബാധിക്കുമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ബിസിനസ് ലൈസൻസിനായുള്ള പുതിയ നിയമം പതിനായിരത്തിലധികം പ്രവാസികളെ ബാധിക്കുമെന്നാണ് റിപ്പോർട്ട്. പ്രവാസികൾ ഒന്നുകിൽ ഇക്കാമ മാറ്റാനോ അല്ലെങ്കിൽ സ്ഥാപനത്തിലെ ഓഹരി ഒഴിയാനോ നിർബന്ധിതരാകും. ലൈസൻസ് നിലനിർത്താനായി ആർട്ടിക്കിൾ 19 പ്രകാരമുള്ള റെസിഡൻസി പെർമിറ്റ് നേടണം.
വാണിജ്യ സ്ഥാപനങ്ങളുടെ ശരിയായ നിയന്ത്രണം ഉറപ്പാക്കുന്നതിനുള്ള സുപ്രധാന നടപടിയായാണ് ഈ നീക്കം നിരീക്ഷിക്കപ്പെടുന്നത്. ഈ നിയന്ത്രണങ്ങൾ എത്രകാലത്തേക്ക് നിലനിൽക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.