ന്യൂഡൽഹി> ഓഗസ്റ്റ് 11-ന് നടത്താനിരുന്ന നീറ്റ് പിജി പരീക്ഷാ തീയതി മാറ്റണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. അനുവദിച്ചിരിക്കുന്ന പരീക്ഷ കേന്ദ്രങ്ങളിലേക്ക് എത്തിപ്പെടാന് വിദ്യാർഥികൾക്ക് ബുദ്ധിമുട്ടായതിനാല് നിലവിലെ തീയതിയില് നിന്ന് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി.
ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് ഹർജി തള്ളിയത്. അഞ്ച് വിദ്യാർഥികൾക്കായി രണ്ട് ലക്ഷം വിദ്യാർഥികളുടെ കരിയര് അപകടത്തിലാക്കാന് സാധ്യമല്ലെന്ന് കോടതി ചൂണ്ടികാട്ടി.
മുതിർന്ന അഭിഭാഷകനായ സഞ്ജയ് ഹെഗ്ഡെയാണ് പരാതിക്കാർക്കായി ഹാജരായത്. നിരവധി വിദ്യാർഥികൾക്ക് തീർത്തും അസൗകര്യമുള്ള സ്ഥലങ്ങളാണ് പരീക്ഷ കേന്ദ്രങ്ങളായി നൽകിയതെന്ന് ഹർജിയിൽ ചൂണ്ടി കാട്ടിയിരുന്നു. ജൂണ് 23-നായിരുന്നു ആദ്യം നീറ്റ് പിജി നടത്താനിരുന്നത്. എൻടിഎയുടെ കീഴില് നടന്ന പരീക്ഷകളില് ക്രമക്കേടുകള് കണ്ടെത്തിയ വിവാദങ്ങളെ തുടർന്ന് പരീക്ഷ നീട്ടിവെയ്ക്കുയായിരുന്നു.