പാരിസ്
ഒളിമ്പിക്സ് ജാവലിൻ ത്രോയിൽ പാകിസ്ഥാൻ താരം അർഷാദ് നദീം ഞെട്ടിച്ചു. ആദ്യ ഏറ് ഫൗളായെങ്കിലും രണ്ടാമത്തേതിൽ 92.97 മീറ്റർ താണ്ടിയതോടെ സ്വർണം ഉറപ്പിച്ചു. ഒളിമ്പിക്സിൽ സ്വർണം നേടുന്ന പാകിസ്ഥാൻ താരമെന്ന ബഹുമതി സ്വന്തമാക്കി. രണ്ടുതവണ 90 മീറ്റർ മറികടന്ന നദീമിനെ മറികടക്കാൻ ആർക്കുമായില്ല. ജീവിതത്തിൽ ഒരിക്കലും 90 മീറ്റർ മറികടക്കാതിരുന്ന നീരജ് ചോപ്ര 89.45 മീറ്ററുമായി വെള്ളിയിൽ അവസാനിപ്പിച്ചു. രണ്ടാമത്തെ ത്രോയിലാണ് വെള്ളി നേട്ടം. ബാക്കി അഞ്ച് ഏറും ഫൗളായത് തിരിച്ചടിയായി. ലോക, ഒളിമ്പിക് ചാമ്പ്യനായ ഇരുപത്താറുകാരന്റെ പ്രകടനം സ്വർണം കാത്തിരുന്നവർക്ക് നിരാശയായി.
കഴിഞ്ഞതവണ ടോക്യോയിൽ അഞ്ചാംസ്ഥാനത്തായിരുന്ന നദീമിന്റെ ആദ്യ ഏറ് ഫൗളായിരുന്നു. രണ്ടാമത്തേതിലാണ് സ്വർണദൂരം താണ്ടിയത്. മൂന്നാമത്തെ ത്രോ 88.72, നാലാമത്തേത് 79.40. അഞ്ചാമത്തേത് 84.87. അവസാന ത്രോയിൽ വീണ്ടും 90 മീറ്റർ മറികടന്നു. ഇത്തവണ 91.79 മീറ്റർ. കോമൺവെൽത്ത് ഗെയിംസിൽ 2022ൽ സ്വർണം നേടിയ അർഷാദ് ഒളിമ്പിക്സ് സ്വർണത്തിലേക്ക് ജാവലിൻ പായിക്കുമെന്ന് ആരും കരുതിയതല്ല.
മുൻ ലോകചാമ്പ്യൻ ഗ്രനഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സ് 88.54 മീറ്റർ എറിഞ്ഞ് വെങ്കലം നേടി. പാരിസിൽ ഇന്ത്യ നേടുന്ന ആദ്യ വെള്ളി മെഡലാണ്. അത്ലറ്റിക്സിൽ ഒരു ഇന്ത്യക്കാരന്റെ ആദ്യത്തേതും. 1900ലെ പാരിസ് ഒളിമ്പിക്സിൽ ബ്രിട്ടീഷുകാരനായ നോർമൻ പ്രിച്ചാഡ് ഇന്ത്യക്കായി രണ്ട് വെള്ളി മെഡൽ നേടിയതാണ് നീരജിന്റേതല്ലാത്ത നേട്ടം. ടോക്യോയിലെ വെള്ളി മെഡൽ ജേതാവായ ചെക്ക് താരം യാകൂബ് വെദ്ലജ് നാലാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അന്ന് ഫൈനലിലെത്താതിരുന്ന ആൻഡേഴ്സൺ പീറ്റേഴ്സ് ഇത്തവണ വെങ്കലം നേടി.
ഫൈനലിലെ പ്രകടനം
1. അർഷാദ് നദീം (പാകിസ്ഥാൻ) 92.97
2. നീരജ് ചോപ്ര (ഇന്ത്യ) 89.45
3 ആൻഡേഴ്സൺ പീറ്റേഴ്സ് (ഗ്രനഡ) 88.54
4. യാകൂബ് വാദ്ലെജ് (ചെക്ക്) 88.50
5. ജൂലിയസ് യി ഗോ (കെനിയ) 87.72
6. ജൂലിയൻ വെബർ (ജർമനി) 87.40
7. കെഷോൺ വാൽകോട്ട് (ട്രിനിഡാഡ്) 86.16
8. ലസി ഇറ്റലാറ്റലോ (ഫിൻലൻഡ്) 84.58
10. ഒളിവർ ഹെലാൻഡർ (ഫിൻലൻഡ്) 82.68
11. ലൂയിസ് മൗറീഷ്യോ ഡി സിൽവ (ബ്രസീൽ) 80.67
12. ആൻഡ്രിയാൻ മർഡറെ (മോൾഡോവ) 80.10