കൊച്ചി
‘‘എന്തെന്നില്ലാത്ത സന്തോഷം, പറയാൻ വാക്കുകൾ കിട്ടുന്നില്ല, വിരമിക്കൽ മത്സരത്തിൽ, അതും ഒളിമ്പിക്സിൽനിന്ന് മെഡൽനേട്ടവുമായി ഇറങ്ങാനാകുകയെന്നത് അത്യന്തം സന്തോഷം നൽകുന്നതാണ്.’’–- ഇന്ത്യൻ ഹോക്കി ടീം ഗോൾകീപ്പർ പി ആർ ശ്രീജേഷിന്റെ അച്ഛൻ പി വി രവീന്ദ്രൻ. സ്പെയ്നുമായുള്ള വെങ്കലമെഡൽ പോരാട്ടത്തിൽ ഇന്ത്യ വിജയിച്ചതോടെ കിഴക്കമ്പലത്തെ വീട്ടിൽ മാധ്യമങ്ങളോട് മനസ്സുതുറക്കുകയായിരുന്നു അദ്ദേഹം.
വൈകിട്ട് 5.30ന് കളി തുടങ്ങുംമുന്നേ പാരിസിലുള്ള ശ്രീജേഷിനോട് രവീന്ദ്രനും അമ്മ ഉഷാകുമാരിയും ഭാര്യയും മക്കളും വീഡിയോ കോളിൽ സംസാരിച്ചിരുന്നു. കടുത്ത സമ്മർദമുള്ളതിനാൽ തുടക്കത്തിൽ പ്രതികരിക്കാൻ വീട്ടുകാർ തയ്യാറായില്ല. കളി തുടങ്ങിയതോടെ നിറകണ്ണുകളും കൂപ്പുകൈയുമായി അമ്മയുൾപ്പെടെയുള്ളവർ ടിവിക്കുമുന്നിൽ പ്രാർഥനയിലായിരുന്നു. തുടക്കത്തിൽ ഇന്ത്യയുടെ മുന്നേറ്റം ഏവർക്കും ആശ്വാസമേകി. അപ്രതീക്ഷിതമായി സ്പെയ്നിന് ലഭിച്ച പെനൽറ്റി, ഗോളായതോടെ വീട്ടകം ശോകമൂകം.
രണ്ടാം ക്വാർട്ടറിലെ അവസാന സെക്കൻഡിൽ നായകൻ ഹർമൻപ്രീത് സിങ് ഗോൾ മടക്കിയതോടെ വീണ്ടും ആശ്വാസത്തിന്റെ തിരയിളക്കം. മാറിമാറിയുള്ള ആക്രമണത്തിനും പ്രത്യാക്രമണത്തിനുമിടെ പിറന്ന ഇന്ത്യയുടെ രണ്ടാംഗോൾ സന്തോഷം പടർത്തി. ഭാര്യ ഡോ. പി കെ അനീഷ്യ, മകൾ അനുശ്രീ, മകൻ ശ്രീആൻഷ്, ശ്രീജേഷിന്റെ സഹോദരൻ ശ്രീജിത് തുടങ്ങി വീടിനകത്തും പുറത്തും തടിച്ചുകൂടിയവർ ഇന്ത്യൻ പതാക വീശി ആഹ്ലാദം പ്രകടിപ്പിച്ചു.
അവസാനഘട്ടത്തിൽ ഇന്ത്യൻ ഗോൾമുഖത്തേക്ക് സ്പെയ്ൻ ചീറിയടുത്തത് നെടുവീർപ്പോടെയാണ് ഏവരും കണ്ടുനിന്നത്. ഒടുവിൽ അവസാന വിസിൽ മുഴക്കം നാടിനെയാകെ ആഹ്ലാദത്തിമിർപ്പിലാക്കി. മധുരം നൽകിയും പടക്കംപൊട്ടിച്ചും അവർ ശ്രീജേഷിന്റെ വിരമിക്കൽ മത്സരം ആഘോഷമാക്കി.