ന്യൂഡൽഹി
സംവരണ ആവശ്യങ്ങൾക്കായി പട്ടികജാതി വിഭാഗത്തിൽ സംസ്ഥാനങ്ങൾക്ക് ഉപവർഗീകരണം (സബ്–-ക്ലാസിഫൈ) നടത്താമെന്ന സുപ്രീം കോടതിവിധിയുടെ പശ്ചാത്തലത്തിൽ ദേശീയ ജാതി സർവേ ഉടൻ നടത്തണമന്ന് എസ്എഫ്ഐ. പിന്നാക്കാവസ്ഥയിലുള്ള വിഭാഗങ്ങൾക്ക് തുല്യതയും പ്രാതിനിധ്യവും ഉറപ്പാക്കാനായുള്ള സാമൂഹ്യ സാമ്പത്തിക സെൻസസിൽ ജാതിയും പ്രധാന ഘടകമാണ്. സംവരണത്തെ ദുർബലപ്പെടുത്താനുള്ള എല്ലാ നീക്കങ്ങളെയും ശക്തമായി അപലപിക്കുന്നു. അർഹരെ കണ്ടെത്താനായില്ലെന്നു പറഞ്ഞ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലിയിലും തസ്തിക ഒഴിച്ചിട്ട് കേന്ദ്രസർക്കാർ സംവരണം അട്ടിമറിക്കുകയാണ്. പൊതുഭരണ സംവിധാനത്തിൽ ആഴത്തിൽ വേരോടിയ ജാതിവിവേചനമാണ് ഇതിന്റെ അടിസ്ഥാനം. സംവരണ വിഭാഗങ്ങളുടേതടക്കം ഒഴിച്ചിട്ടിരിക്കുന്ന എല്ലാ സീറ്റുകളിലും കേന്ദ്ര–-സംസ്ഥാന സർക്കാരുകൾ ഉടൻ നിയമനവും പ്രവേശനവും നടത്തണം. സംവരണം അട്ടിമറിക്കാനുള്ള ക്രീമിലെയർ ആശയം നടപ്പാക്കണമെന്ന പ്രചാരണത്തെ ഗൗരവത്തോടെയാണ് കാണുന്നത്. ജുഡീഷ്യൽ പരിശോധനയ്ക്ക് വിധയമായും തുല്യതയ്ക്ക് എതിരാകാതെയും ഉപവർഗീകരണം നടത്താമെന്ന് വിധിയിൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. പൊതു–-സ്വകാര്യമേഖലയിൽ സമൂഹ്യനീതി ഉറപ്പാക്കാൻ പാർലമെന്റിൽ നിയമനിർമാണം നടത്തണമെന്നും അഖിലേന്ത്യ പ്രസിഡന്റ് വി പി സാനുവും ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസും ആവശ്യപ്പെട്ടു.