തിരുവനന്തപുരം
ജനുവരിയിൽ സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമത്തിനു മുന്നോടിയായി കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുമായി (സിഐഐ) സഹകരിച്ച് വ്യവസായ പ്രമുഖർ, നിക്ഷേപകർ എന്നിവരുമായി വ്യവസായ മന്ത്രി പി രാജീവ് ചർച്ച നടത്തും. വ്യാഴം, വെള്ളി ദിവസങ്ങളിൽ ചെന്നൈയിലാണ് കൂടിക്കാഴ്ച. വ്യാഴം വൈകിട്ട് ആറിന് റാഡിസൺ ബ്ലൂ ഹോട്ടലിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്കുശേഷം ബിടുജി (ബിസിനസ് ടു ഗവൺമെന്റ്) യോഗവുമുണ്ടാകും. വ്യവസായ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. സംസ്ഥാനത്തെ നിക്ഷേപ സാധ്യതകൾ പ്രയോജനപ്പെടുത്തി കേരളത്തെ സുപ്രധാന വ്യവസായ, വാണിജ്യ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച.
സംസ്ഥാനത്തെ നിക്ഷേപ സാധ്യതകളെക്കുറിച്ചും സർക്കാരിന്റെ വ്യാവസായിക- വാണിജ്യ നയങ്ങളെ സംബന്ധിച്ചും യോഗത്തിൽ ചർച്ച ചെയ്യും. എയ്റോസ്പേസ്, പ്രതിരോധം, നിർമിതബുദ്ധി, റോബോട്ടിക്സ്, ജൈവസാങ്കേതിക വിദ്യ, ഇലക്ട്രോണിക് വാഹനങ്ങൾ, ഇലക്ട്രോണിക്സ് ഡിസൈനും ഉൽപ്പദനവും, ഭക്ഷ്യസംസ്കരണം, വിവരസാങ്കേതിക വിദ്യ, ലോജിസ്റ്റിക്സ്, മാരിടൈം, കപ്പൽനിർമ്മാണം, മെഡിക്കൽ ഉപകരണങ്ങൾ, പാക്കേജിങ്, ഗവേഷണ-വികസനം, പുനരുപയോഗിക്കാവുന്ന ഊർജ്ജ സ്രോതസുകൾ, മാലിന്യ സംസ്കരണവും പുനരുപയോഗവും തുടങ്ങിയ മേഖലകളെ കേന്ദ്രീകരിച്ചാകും ആശയവിനിമയം.
നിക്ഷേപക സംഗമത്തിനു മുന്നോടിയായി വ്യവസായനയത്തിലെ മുൻഗണനാ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന സംരംഭകരുമായി പ്രത്യേക കുടിക്കാഴ്ചകൾ നടത്തുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.