ധാക്ക> സർക്കാർ വിരുദ്ധ പ്രക്ഷോഭം ആളികത്തിയതിനു പിന്നാലെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന രാജിവച്ച് രാജ്യം വിട്ടതോടെ അവരുടെ രാഷ്ട്രീയ എതിരാളിയും മുൻ പ്രധാനമന്ത്രിയുമായ ഖാലിദ സിയയെ മോചിപ്പിക്കാൻ തീരുമാനമായി. പ്രഡിഡന്റ് മുഹമ്മദ് ശഹാബുദ്ദീനാണ് ഈ ഉത്തരവ് പുറത്തിറക്കിയത്. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) നേതാവായ ഖാലിദ സിയ വർഷങ്ങളോളമായി ജയിലിൽ കഴിയുകയാണ്. ഇവരെ മോചിപ്പിക്കാൻ പ്രഡിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചതായി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. സൈനിക മേധാവി വഖാർ ഉസ് സമാനും വിവിധ സേനകളിലെ ഉദ്യോഗസ്ഥരും പ്രതിപക്ഷ നേതാക്കളും യോഗത്തിൽ പങ്കെടുത്തു. വിദ്യാർഥി പ്രക്ഷോഭത്തിന്റെ ഭാഗമായി അറസ്റ്റിലായ മുഴുവൻ പേരെയും മോചിപ്പിക്കാനും യോഗം തീരുമാനിച്ചു.
ഹസീന രാജി വെച്ച് രാജ്യം വിട്ടതിനു പിന്നാലെ ബംഗ്ലാദേശ് ചീഫ് ഓഫ് ആർമി സ്റ്റാഫ് വഖാർ ഉസ് സമാൻ രാജ്യത്തിന്റെ നിയന്ത്രണമേറ്റെടുക്കുമെന്നും സൈന്യം ഇടക്കാല സർക്കാർ രൂപീകരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
ബംഗ്ലാദേശ് വിമോചനയുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ പിൻതലമുറക്കാർക്കുള്ള 30 ശതമാനം സംവരണം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർഥി പ്രക്ഷോഭം ആരംഭിച്ചത്. സുപ്രീംകോടതിയിൽനിന്ന് അനുകൂല വിധി ഉണ്ടായതോടെ പ്രക്ഷോഭത്തിന് തീവ്രത കുറഞ്ഞു. എന്നാൽ, ജയിലിലടച്ചവരെ വിട്ടയയ്ക്കാൻ സർക്കാർ തയാറായില്ല. തുടർന്നാണ് രാജ്യത്ത് പ്രക്ഷോഭം വീണ്ടും ആളിക്കത്തിയത്. രണ്ടു ദിവസത്തെ ഏറ്റുമുട്ടലുകളിൽ 157 പേരാണ് കൊല്ലപ്പെട്ടത്. അതേ തുടർന്നാണ് ഹസീന രാജിവെച്ചതും ഇന്ത്യയിൽ അഭയം തേടിയതും. പ്രക്ഷോഭകാരികൾ തിങ്കളാഴ്ച പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ ധാക്കയിലുള്ള ഔദ്യോഗിക വസതി കൈയേറിയിരുന്നു. ഹസീനയുടെ പിതാവും മുൻ പ്രധാനമന്ത്രിയുമായ ശൈഖ് മുജീബുറഹ്മാന്റെ പ്രതിമ ചുറ്റിക കൊണ്ട് അടിച്ചുതകർക്കുകയും പാർലമെന്റ് അതിക്രമിച്ചു കയറുകയും ചെയ്തിരുന്നു.