ന്യൂഡൽഹി> ബംഗ്ലാദേശിൽ പ്രക്ഷോഭം രൂക്ഷമായതോടെ ധാക്കയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളും ട്രെയിൻ സർവീസുകളും താൽക്കാലികമായി റദ്ദാക്കി. ഇൻഡിഗോയും എയർ ഇന്ത്യയുമാണ് വിമാന സർവീസുകൾ റദ്ദാക്കിയത്. യാത്രക്കാർക്ക് യാത്രാതീയതി മാറ്റാനും ഇളവുകളോടെ ടിക്കറ്റ് ക്യാൻസൽ ചെയ്യാനുമുള്ള സൗകര്യമുണ്ടാകുമെന്ന് എയർ ഇന്ത്യ അറിയിച്ചു. പ്രക്ഷോഭത്തെ തുടർന്ന് ധാക്ക അന്താരാഷ്ട്ര വിമാനത്താവളം അടച്ചു.
ഇന്ത്യക്കും ബംഗ്ലാദേശിനുമിടയിലുള്ള എല്ലാ ട്രെയിൻ സർവീസുകളും അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചതായി ഇന്ത്യൻ റെയിൽവേയും അറിയിച്ചു. മൈത്രി എക്സ്പ്രസ്, ബന്ധൻ എക്സ്പ്രസ്, മിതാലി എക്സ്പ്രസ് എന്നിവയാണ് ബംഗ്ലാദേശിലെ അക്രമാസക്തമായ പ്രതിഷേധങ്ങൾ കാരണം റദ്ദാക്കിയതെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.
നേരത്തെ മൈത്രി എക്സ്പ്രസും ബന്ധൻ എക്സ്പ്രസും ജൂലൈ 19 മുതൽ 2024 ഓഗസ്റ്റ് ആറ് വരെ റദ്ദാക്കിയിരുന്നു. ബംഗ്ലാദേശിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് റദ്ദാക്കൽ അനിശ്ചിതമായി നീട്ടിയതായി അധികൃതർ അറിയിച്ചു. പാസഞ്ചർ സർവീസുകൾക്ക് പുറമേ, എല്ലാ ചരക്ക് പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവെച്ചു.