തിരുവനന്തപുരം > ആദ്യവർഷം 15 ലക്ഷം ടിഇയു കണ്ടെയ്നർ കൈകാര്യശേഷി ലക്ഷ്യമിട്ട് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. പത്തുലക്ഷം ടിഇയു ആയിരുന്നു ഇതുവരെ ലക്ഷ്യം. തുറമുഖത്തിന്റെ കമീഷനിങ് നടക്കുന്ന സെപ്തംബർ–-ഒക്ടോബർ മാസത്തിൽതന്നെ ഈ ലക്ഷ്യം പുതുക്കുന്നതായി കമ്പനി സൂചന നൽകി. ഇതിന്റെ മുന്നോടിയായാണ് കപ്പൽ അടുപ്പിക്കാനും ചരക്ക് നീക്കത്തിനും നിരക്ക് പ്രഖ്യാപിച്ചത്.
ട്രയൽ റൺ ആരംഭിച്ച് നിലവിൽ 20 ടിഇയു കണ്ടെയ്നർ ഇറക്കിത്തുടങ്ങി.
കണ്ടെയ്നറുകളുടെ എണ്ണം പറയുന്നത് ടിഇയു (ട്വന്റി ഫൂട്ട് ഇക്വലന്റ് യൂണിറ്റ്) അടിസ്ഥാനമാക്കിയാണ്. 20 അടി നീളമുള്ള കണ്ടെയ്നറിനെയാണ് ഒരു ടിഇയു ആയി കണക്കാക്കുന്നത്. 40 അടി നീളമുള്ള കണ്ടെയ്നർ ആണെങ്കിൽ രണ്ട് ടിഇയു ആണ്.
ജൂലൈ രണ്ടാംവാരം ആദ്യ മദർഷിപ്പിൽ ഇറക്കിയ കണ്ടെയ്നറുകൾ ഫീഡർ വെസലുകൾ (ചെറു കപ്പലുകൾ) വഴി രാജ്യത്തെ മറ്റ് തുറമുഖങ്ങളിൽ എത്തിച്ചിരുന്നു. ഇതെല്ലാം 20 ടിഇയു കണ്ടെയ്നറുകളായിരുന്നു. 40 ടിഇയുവോ അതിന് മുകളിലോ ഉള്ള കണ്ടെയ്നറുകളുടെയും നിരക്ക് പ്രഖ്യാപിച്ചത് കണ്ടെയ്നറുകൾ കൈകാര്യശേഷി കൂട്ടാനാണ്.
റോഡ് മാർഗമുള്ള കണ്ടെയ്നർ കൈകാര്യം ചെയ്യുന്നത് 20 ടിഇയുവിന് 6901 രൂപയും 40 ടിഇയുവിന് -10352 രൂപയും 40ന് മുകളിൽ 13802 രൂപയുമാണ്. ട്രാൻസ്ഷിപ്മെന്റ് കണ്ടെയ്നർ നീക്കത്തിന്( ചെറുകപ്പലിൽ കയറ്റുന്നതിന്) ഇത് യഥാക്രമം 9258 രൂപ, 13887, 18516 രൂപ എന്നിങ്ങനെയാണ്. കപ്പൽ തീരത്ത് അടുപ്പിക്കുന്നതിന് ഏഷ്യയിലെ കുറഞ്ഞ നിരക്കാണിത്.
തുറമുഖത്തിന്റെ ഒന്നാംഘട്ടത്തിൽ 800 മീറ്റർ ബർത്താണ് സജ്ജമാകുക. രണ്ടും മൂന്നും നാലും ഘട്ടങ്ങൾ ഒറ്റഘട്ടമായി തീർക്കും. അത് 2028 ൽ പൂർത്തിയാക്കും. ആ ഘട്ടത്തിൽ 2000 മീറ്റർ ബർത്ത് ഉണ്ടാകും. നേരത്തെ 30 ലക്ഷം ടിഇയു കണ്ടെയ്നർ കൈകാര്യശേഷിയാണ് നിശ്ചയിച്ചത്. അത് അമ്പത് ലക്ഷം ടിഇയു ആക്കി ഉയർത്തുകയാണ് ലക്ഷ്യം.