കോട്ടയം > വയനാട് പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി ഒരു മാസത്തെ ശമ്പളം കൈമാറി. സിഎംഡിആർഎഫ് പോർട്ടൽ വഴിയാണ് തുക കൈമാറിയത്. പ്രാദേശിക വികസന ഫണ്ടിൽനിന്നും ഒരു കോടി രൂപ നൽകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ചിറ്റിലപ്പിള്ളി ഫൗണ്ടേഷന് 15 കോടി ചെലവഴിക്കും
കൊച്ചി >
വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിന് കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ 15 കോടി ചെലവഴിക്കുമെന്ന് ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അറിയിച്ചു. ഫൗണ്ടേഷന്റെ ഭവനദാനപദ്ധതികളിൽ പങ്കാളികളായ വിവിധ ഏജൻസികളുമായി ചേർന്ന് സർക്കാരിന്റെ പുനരധിവാസ മാനദണ്ഡങ്ങൾക്ക് അനുസൃതമായ നിർമാണത്തിനാകും തുക ചെലവഴിക്കുക. സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയുമായി ചേർന്ന് പുനരധിവാസപദ്ധതികളിൽ സഹകരിക്കുമെന്നും വ്യവസായമന്ത്രി പി രാജീവ്, എറണാകുളം കലക്ടർ എൻ എസ് കെ ഉമേഷ് എന്നിവരെ അറിയിച്ചതായും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പ്രസ്താവനയിൽ പറഞ്ഞു.
കെജിഒഎ 10 വീട് നിർമിച്ച് നൽകും
തിരുവനന്തപുരം >
വയനാട്ടിലെ ഉരുൾപൊട്ടലിന് ഇരകളായി എല്ലാം നഷ്ടപ്പെട്ടവർക്കായി 10 വീടുകൾ നിർമിച്ച് നൽകുമെന്ന് കെജിഒഎ.
സംസ്ഥാന സർക്കാരിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങളോട് ചേർന്നുനിന്നുകൊണ്ട് സംഘടനയുടെ അംഗങ്ങളിൽനിന്ന് ഫണ്ട് സ്വരൂപിക്കുന്നതിനൊപ്പമാണ് വീടുകളും നൽകുക.