തിരുവനന്തപുരം> കനത്ത മഴയിൽ തകർന്ന റോഡുകളും പാലങ്ങളും അടിയന്തരമായി പുനർനിർമിക്കാൻ നടപടിയുമായി പൊതുമരാമത്ത് വകുപ്പ്. വിവിധ ജില്ലകളിലെ നാശനഷ്ടം വിലയിരുത്താൻ പൊതുമരാമത്ത് ചീഫ് എൻജിനിയർമാരുടെ നേതൃത്വത്തിൽ ഉടൻ പരിശോധന നടത്തും. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നിർദേശത്തെതുടർന്നാണ് നടപടി.
പൊതുമരാമത്ത് വകുപ്പിലെ 33,593 കിലോമീറ്റർ റോഡുകളും ഉന്നതസംഘം പരിശോധിക്കും. അറ്റകുറ്റപ്പണികൾ നടത്തേണ്ട റോഡുകളിൽ പ്രവൃത്തികൾ ആരംഭിക്കാൻ മന്ത്രി നിർദേശം നൽകി. വിവിധ ജില്ലയിലായി 300 കോടിയിലേറെ രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. വയനാട്, കോഴിക്കോട്, കാസർകോട്, കണ്ണൂർ, മലപ്പുറം, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് നാശമേറെയും. ഇവിടങ്ങളിൽ ഉദ്യോഗസ്ഥ സംഘം സന്ദർശിച്ച് റിപ്പോർട്ട് നൽകും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും നടപടി.
പൊതുമരാമത്തിനുകീഴിലെ ദേശീയപാത (എൻ എച്ച്), സംസ്ഥാനപാതകൾ (എസ്എച്ച്), പ്രധാന ജില്ലാ റോഡുകൾ (എംഡിആർ), പാലങ്ങൾ, സർക്കാർ കെട്ടിടങ്ങൾ എന്നിവയും പരിശോധിക്കും. 33,593 കിലോമീറ്റർ റോഡിൽ 1781 കിലോമീറ്റർ ദേശീയപാതയും 4342 കിലോമീറ്റർ സംസ്ഥാനപാതയും 27,470 കിലോമീറ്റർ പ്രധാന ജില്ലാ റോഡുകളുമാണ്.