തിരുവനന്തപുരം> മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സംബന്ധിച്ച പരാതികൾ കൈകാര്യം ചെയ്യാൻ നാലംഗ ഉദ്യോഗസ്ഥ സമിതിക്ക് രൂപംനൽകി ധനവകുപ്പ്. പരാതിപരിഹാരത്തിന് ധനവകുപ്പിലെ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ധനവകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമൻ മേൽനോട്ട ഓഫീസറും ജോയിന്റ് സെക്രട്ടറി ഒ ബി സുരേഷ്കുമാർ സെൽ ഇൻ ചാർജും അണ്ടർ സെക്രട്ടറി കെ എസ് അനിൽരാജ് നോഡൽ ഓഫീസറും സെക്ഷൻ ഓഫീസർ ടി എസ് ബൈജു അസിസ്റ്റന്റ് നോഡൽ ഓഫീസറുമഗായ സമിതിയാണ് രൂപീകരിച്ചത്. മൊബൈൽ നമ്പർ: 8330091573. ഇ -മെയിൽ: cmdrf.cell@gmail.com
യുഡിഎഫ് എംഎൽഎമാർ ശമ്പളം നൽകും
യുഡിഎഫ് എംഎൽഎമാർ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു. വയനാട്ടിലെ പ്രശ്ന പരിഹാരത്തിനും പുനരധിവാസശ്രമങ്ങളിലും യുഡിഎഫിലെ എല്ലാ ഘടകകക്ഷികളും പങ്കാളിയാകും.
മണ്ണിടിച്ചിൽസാധ്യതയുള്ള മേഖലകളുടെ മാപ്പിങ് നടത്തണം. അത്യാധുനിക ദുരന്തമുന്നറിയിപ്പ് സംവിധാനമുണ്ടാക്കണം. യുഡിഎഫ് തയ്യാറാക്കിയ ദുരിതനിവാരണപദ്ധതി സർക്കാരിന് സമർപ്പിക്കും.