കുവൈത്ത് സിറ്റി> കുവൈത്തിൽ പ്രവാസികളുടെ കുട്ടികൾക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നതിന് പിതാവിന്റെ അനുമതി നിർബന്ധമാക്കി. പാസ്സ്പോർട്ട് വിഭാഗം തയ്യാറാക്കിയ പ്രത്യേക ഫോമിലാണ് പിതാവിന്റെ അനുമതി പത്രം ഒപ്പിട്ടു നൽകേണ്ടത്.
യാത്രക്ക് അച്ഛനില്ലാതെ കുട്ടിയുടെ അമ്മയോ ബന്ധുവോ ഒപ്പമുണ്ടെങ്കിൽ പോലും, കുട്ടികൾക്ക് കുവൈത്തിൽനിന്ന് പുറത്തേക്ക് പോകണമെങ്കിൽ അവരുടെ പിതാവിൽ നിന്ന് വ്യക്തമായ അംഗീകാരവും ഒപ്പും ലഭിക്കേണ്ടതുണ്ട്. ദാമ്പത്യ തർക്കങ്ങൾ തടയാനാണ് ഈ മുൻകരുതൽ നടപടി ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയ വക്താവ് വ്യക്തമാക്കി. വ്യക്തിപരമായ തർക്കങ്ങളാലോ മറ്റ് കാരണങ്ങളാലോ അമ്മ കുട്ടികളുമായി യാത്രചെയ്യുകയും തിരികെ വരാതിരിക്കുകയും ചെയ്താൽ ഉണ്ടാകാനിടയുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് ഈ നിബന്ധന.
പുതിയ നിയന്ത്രണങ്ങൾ പ്രകാരം ഇത് നിയമപരമായ ലംഘനമായി കണക്കാക്കപ്പെടുന്നു. തീരുമാനം ഇന്ന് മുതൽ നടപ്പിലാക്കി തുടങ്ങിയതായും, രാജ്യത്തെ എല്ലാ അതിർത്തി കവാടങ്ങളിലുമുള്ള പാസ്സ്പോർട്ട് വിഭാഗത്തിനു നിർദേശം നൽകിയതായും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു .