ദുബായ് > ദുബായ് ക്രീക്ക് ഹാർബറിന്റെ റെസിഡൻഷ്യൽ ഏരിയകളിൽ സേവനം നൽകുന്നതിനായി ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) രണ്ട് മറൈൻ ട്രാൻസ്പോർട്ട് ലൈനുകൾ ആരംഭിച്ചു. ആദ്യ ലൈൻ ദുബായ് ക്രീക്ക് ഹാർബറിനെയും ദുബായ് ഫെസ്റ്റിവൽ സിറ്റിയെയും ബന്ധിപ്പിക്കുന്നു. വാരാന്ത്യങ്ങളിൽ വൈകിട്ട് നാല് മുതൽ 11.55 വരെ സർവീസ് നടക്കും.
രണ്ടാമത്തെ ലൈൻ ദുബായ് ക്രീക്ക് ഹാർബറിനെ അൽ ജദ്ദാഫ് മറൈൻ ട്രാൻസ്പോർട്ട് സ്റ്റേഷനിലേക്കും അൽഖോർ മെട്രോ സ്റ്റേഷനിലേക്കും പ്രവൃത്തിദിവസങ്ങളിൽ 7.30 മുതൽ 10.50 വരെ സർവീസ് ലഭിക്കുന്ന വിധമാണ്. ദുബായിലെ വാട്ടർഫ്രണ്ട് കമ്മ്യൂണിറ്റിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും പാർപ്പിട പ്രദേശങ്ങളും നവീകരിക്കുന്നതിന് ആർടിഎയും എമാർ പ്രോപ്പർട്ടീസും തമ്മിലുള്ള സഹകരണ കരാറിനെ തുടർന്നാണ് വികസനം.
ആർടിഎയുടെ പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസി സിഇഒ അഹമ്മദ് ബഹ്രോസിയനും എമാർ പ്രോപ്പർട്ടീസ് എക്സിക്യൂട്ടീവ് ബോർഡ് അംഗം അഹമ്മദ് അൽ മത്രൂഷിയുമാണ് എമിറേറ്റിലെ മറൈൻ ട്രാൻസ്പോർട്ട് ലൈനുകളുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ചത്.