തിരുവനന്തപുരം
സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച സമഗ്ര കുടിശ്ശിക നിവാരണ പദ്ധതിയായ ആംനസ്റ്റി പദ്ധതി വ്യാഴംമുതൽ പ്രാബല്യത്തിൽ വരുമെന്ന് ജിഎസ്ടി കമീഷണർ. വ്യാഴാഴ്ച നടത്താനിരുന്ന ഉദ്ഘാടന ചടങ്ങ് വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാറ്റി. ജിഎസ്ടി നിലവിൽ വരുന്നതിനുമുമ്പ് ഉണ്ടായിരുന്ന നികുതി നിയമങ്ങൾ പ്രകാരമുള്ള കുടിശ്ശികകൾ തീർപ്പാക്കാൻ ബജറ്റിൽ പ്രഖ്യാപിച്ച സമഗ്ര കുടിശ്ശിക നിവാരണ പദ്ധതിയാണ് ആംനസ്റ്റി 2024. ആംനസ്റ്റി കുടിശ്ശികകളെ തുകയുടെ അടിസ്ഥാനത്തിൽ വിവിധ സ്ലാബുകളായി തരംതിരിച്ചിട്ടുണ്ട്. ഒന്നാമത്തെ സ്ലാബിൽ 50,000 രൂപവരെയുള്ള കുടിശ്ശിക പിഴയും പലിശയുമടക്കം പൂർണമായും ഒഴിവാക്കും. രണ്ടാമത്തെ സ്ലാബായ 10 ലക്ഷം രൂപവരെ നികുതി തുകയുള്ള കുടിശ്ശികകൾക്ക് നികുതി തുകയുടെ 30 ശതമാനം ഒടുക്കിയാൽ മതി.
മൂന്നാമത്തെ സ്ലാബായ പത്തുലക്ഷം മുതൽ ഒരു കോടി വരെയുള്ള കുടിശ്ശികകൾക്ക് രണ്ടുതരം പദ്ധതികളുണ്ട്, അപ്പീലിലുള്ള (നിയമ വ്യവഹാരത്തിലുള്ള) കുടിശ്ശികകൾക്ക് നികുതി തുകയുടെ 40 ശതമാനം ഒടുക്കിയാൽ മതി. അപ്പീലിൽ ഇല്ലാത്ത (നിയമവ്യവഹാരമില്ലാത്ത) കുടിശ്ശികകൾ തീർപ്പാക്കാൻ നികുതി തുകയുടെ 50 ശതമാനം ഒടുക്കിയാൽ മതി. നാലാമത്തെ സ്ലാബായ ഒരു കോടിയിൽ അധികമുള്ള കുടിശ്ശികകൾക്ക് രണ്ടുതരം പദ്ധതിയാണ്. അപ്പീലിലുള്ള കുടിശ്ശികകൾക്ക് നികുതി തുകയുടെ 70 ശതമാനം ഒടുക്കിയാൽ മതി. അപ്പീലിൽ ഇല്ലാത്ത കുടിശ്ശികകൾ തീർപ്പാക്കൻ നികുതി തുകയുടെ 80 ശതമാനം ഒടുക്കണം.
പദ്ധതിയിൽ ചേരുന്ന അവസാന തീയതി ഡിസംബർ 31. പദ്ധതി ആരംഭിച്ച് 60 ദിവസത്തിനകം സമർപ്പിക്കുന്ന അപേക്ഷകൾക്ക് മാത്രമേ ഇളവ് ലഭിക്കൂ. പദ്ധതി പ്രകാരം കുടിശ്ശിക തീർപ്പാക്കാൻ ഒടുക്കേണ്ട തുക മുൻകൂറായി അടച്ചശേഷമാണ് അപേക്ഷിക്കേണ്ടത്. ഓരോ നികുതി നിർണയ ഉത്തരവിനും പ്രത്യേകം അപേക്ഷ നൽകണം. വിവരങ്ങൾക്ക്: www.keralataxes.gov.in