തിരുവനന്തപുരം
പതിനാറാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചലച്ചിത്ര മേളയിലെ മികച്ച ലോങ് ഡോക്യുമെന്ററിക്കുള്ള പുരസ്കാരം ആനന്ദ് പട്വർധന്റെ വസുധൈവ കുടുംബകം (ദി വേൾഡ് ഈസ് ഫാമിലി) നേടി. രണ്ടു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. വർഗീയത, ജാതിവ്യവസ്ഥ എന്നിവയ്ക്കെതിരായ കാഴ്ചപ്പാട് പങ്കുവയ്ക്കുന്ന ചിത്രം ഓസ്കർ നാമനിർദേശവും നേടിയിട്ടുണ്ട്. മികച്ച ചിത്രസംയോജനത്തിനുള്ള കുമാർ ടാക്കീസ് പുരസ്കാരവും വസുധൈവ കുടുംബകം സ്വന്തമാക്കി.
രണജിത് റേ സംവിധാനം ചെയ്ത ഡോൾസ് ഡോണ്ട് ഡൈ ആണ് ലോങ് ഡോക്യുമെന്ററി വിഭാഗത്തിൽ രണ്ടാം ചിത്രം. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരവും ചിത്രം നേടി. നിഷ്ത ജെയ്ൻ, ആകാശ് ബസുമാതാരി എന്നിവർ ഒരുക്കിയ ഫാമിങ് ദി റവല്യൂഷനാണ് ജൂറിയുടെ പ്രത്യേക പരാമർശം. മികച്ച ശബ്ദലേഖനത്തിനുള്ള പുരസ്കാരം ദിവ്യം ജെയ്ൻ നേടി (പിക്ചറിങ് ലൈഫ്).
ജലക്ഷാമം പ്രമേയമാക്കി കെ വിശ്വാസ് സംവിധാനം ചെയ്ത വാട്ടർമാനാണ് മികച്ച ഹ്രസ്വചിത്രം. ശിവം ശങ്കർ സംവിധാനം ചെയ്ത ഗോട്ട് ഗോട്ട് ഗോസ്റ്റ് രണ്ടാം സ്ഥാനം നേടി. ജാൽ എന്ന ചിത്രം ജൂറിയുടെ പ്രത്യേക പരാമർശം നേടി. ഫെബിൻ മാർട്ടിൻ ഒരുക്കിയ ഹിതമാണ് മികച്ച ക്യാമ്പസ് ചിത്രം. പ്രമോദ് സച്ചിദാനന്ദൻ സംവിധാനം ചെയ്ത മട്ടൻ കട്ടർ സ്പെഷ്യൽ ജൂറി പരാമർശം നേടി.
മികച്ച ഹ്രസ്വ ഡോക്യുമെന്ററി പുരസ്കാരം റിതം ചക്രവർത്തി സംവിധാനം ചെയ്ത സാൽവേഷൻ ഡ്രീം കരസ്ഥമാക്കി. മികച്ച ഛായഗ്രഹണം, ശബ്ദലേഖനം എന്നിവയ്ക്കുള്ള പുരസ്കാരവും ഈ ചിത്രത്തിനാണ്. പി ഫോർ പാപ്പരാസി എന്ന ചിത്രത്തിന്റെ എഡിറ്റർ പ്രണവ് പാട്ടീൽ പ്രത്യേക ജൂറി പരമാർശം നേടി. പ്രാചി ബജാനിയ സംവിധാനം ചെയ്ത ഉമ്പ്രോയ്ക്കാണ് രണ്ടാം സ്ഥാനം. സൗമ്യജിത് ഘോഷ് ദസ്തിദർ സംവിധാനം ചെയ്ത ഫ്ലവറിങ് മാന് പ്രത്യേക ജൂറിപുരസ്കാരമുണ്ട്.
ജേതാക്കൾക്ക് ജൂറി ചെയർമാന്മാരും അംഗങ്ങളുംചേർന്ന് പുരസ്കാരങ്ങൾ സമ്മാനിച്ചു. ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി അജോയ് എന്നിവരും പങ്കെടുത്തു.