അങ്കോള> കര്‍ണ്ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ പതിമൂന്നാം ദിനത്തില്‍. ഈശ്വര്‍ മാല്‍പ്പെയുടെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളികളായ മുങ്ങല്‍ വിദഗ്ധര്‍ ആഴത്തില്‍ മുങ്ങിയുള്ള തിരച്ചില്‍ ഇന്നും തുടരും. കേരളത്തില്‍ നിന്നുള്ള മന്ത്രിതല സംഘം ഷിരൂരില്‍ തുടരുകയാണ്.മഴ കുറഞ്ഞെങ്കിലും ഗംഗാവാലി നദിയിലെ അടിയൊഴുക്ക് കുറയാത്തതാണ് ദൗത്യസംഘം നേരിടുന്ന പ്രധാന വെല്ലുവിളി.
ഉഡുപ്പി മല്‍പെയിലെ മത്സ്യതൊഴിലാളികള്‍ ശനിയാഴ്ച മുഴുവന്‍ തിരഞ്ഞെങ്കിലും ട്രക്കിനടുത്തെത്താന്‍ പോലുമായില്ല. ഉഡുപ്പി അക്വാമാന് എന്നറിയപ്പെടുന്ന ഈശ്വര്‍ മല്‍പെയുടെ നേതൃത്വത്തിലുള്ള എട്ടംഗസംഘം ഏഴുതവണ പുഴയില്‍ മണിക്കൂറുകളോളം മുങ്ങിത്തപ്പി. ഈശ്വര്‍ മല്‍പെ നടത്തിയ മൂന്നാമത്തെ മുങ്ങലില്‍ വടം പൊട്ടി. നൂറുമീറ്റര്‍ അകലെ മൂന്നുമിനിറ്റിന് ശേഷമാണ് മല്‍പെ പൊങ്ങിയത്. വൈകിട്ട് ഏഴോടെ തിരച്ചില്‍ അവസാനിപ്പിച്ചു.
കരയില്‍നിന്ന് 132 മീറ്റര്‍ അകലെ നാലാമത്തെ പോയിന്റില്‍ കാബിന് മുകളിലോട്ടായി അര്‍ജുന്റെ ട്രക്കുണ്ടെന്നാണ് ഐ ബോര്‍ഡ് റഡാറിന്റെ കണ്ടെത്തല്‍. ചെളിനിറഞ്ഞ പുഴയില്‍ ശക്തമായ ഒഴുക്കും പാറക്കല്ലും മണ്ണും മരത്തിന്റെ അവശിഷ്ടങ്ങളുമുള്ളതുമാണ് ദൗത്യത്തിന് തടസ്സം. അര്ജുന് പുഴയിലുണ്ടോ എന്നുറപ്പിക്കാനുള്ള ശ്രമമാണ് തുടരുന്നതെന്ന് റിട്ട. മേജര്‍ ജനറല്‍ എം ഇന്ദ്രബാലന്‍ പറഞ്ഞു. കാന്തം കയറില്‍ കെട്ടി വെള്ളത്തിലിറക്കിയുള്ള പരിശോധന വേണമെന്നും അദ്ദേഹം പറഞ്ഞു.
തിരച്ചില്‍ ഇനിയെങ്ങനെ തുടരണമെന്നത്, ഞായറാഴ്ച രാവിലെ തീരുമാനിക്കുമെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു. പ്രതീക്ഷിച്ച പുരോഗതിയുണ്ടായില്ലെന്നും അതിന്റെ പേരില്‍ ആരെയും പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി എ കെ ശശീന്ദ്രന് പറഞ്ഞു. റിയര്‍ അഡ്മിറല്‍ ആര് എം രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഉന്നത നേവി ഉദ്യോഗസ്ഥര്‍, മന്ത്രി പി എ മുഹമ്മദ് റിയാസ്, എം കെ രാഘവന് എംപി, എംഎല്‍എമാരായ കെ എം സച്ചിന് ദേവ്, ലിന്റോ ജോസഫ്, എം വിജിന്, എം രാജഗോപാലന്‍, എ കെ എം അഷ്റഫ് എന്നിവരും സ്ഥലത്തെത്തിയിരുന്നു
നൂറടി വരെ താഴും അക്വാമാന്
ഓക്സിജനില്ലാതെ മൂന്നുമിനുറ്റോളം വെള്ളത്തില്‍ താഴുന്നയാളാണ് ഈശ്വര്‍ മല്‍പെ. ആയിരത്തോളം പേരെ മല്‍പെയും സംഘവും ആഴങ്ങളില്‍നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തി. നൂറോളം മൃതദേഹങ്ങളും പുറത്തെടുത്തു. കയറില്‍ പിടിച്ച് താഴുന്നതാണ് രീതി. കലക്കവെള്ളത്തില്‍ കണ്ണുകാണാത്തതിനാല്‍ തൊട്ടുനോക്കിയാണ് വസ്തുവിന്റെ കിടപ്പ് മനസ്സിലാക്കുന്നതെന്ന് ഈശ്വര്‍ മല്‍പെ പറഞ്ഞു.