ദുബായ് > ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും യുഎഇ സായുധ സേനയിലെ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ സായുധ സേനയിലെ പ്രവർത്തന സംവിധാനങ്ങളെക്കുറിച്ചും വികസന പദ്ധതികളെക്കുറിച്ചും നേതാക്കൾ വിശദീകരിച്ചു.
സായുധ സേനയുടെ എല്ലാ ശാഖകളിലെയും മുതിർന്ന നേതാക്കളുമായും കമാൻഡർമാരുമായും കൂടിക്കാഴ്ച നടത്തിയെന്നും പ്രവർത്തന സംവിധാനങ്ങൾ, വികസന പദ്ധതികൾ, നടന്നുകൊണ്ടിരിക്കുന്ന പ്രധാന പദ്ധതികൾ എന്നിവയെക്കുറിച്ച് പ്രതിരോധ മന്ത്രാലയത്തിൻ്റെ പര്യടനത്തിനിടെ വിശദീകരണം ലഭിച്ചെന്നും ഷെയ്ഖ് ഹംദാൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
യുഎഇ പ്രസിഡൻ്റ് വികസിപ്പിച്ചതും മേൽനോട്ടം വഹിക്കുന്നതും ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ ശക്തമായ പിന്തുണയുള്ളതുമായ യുഎഇയുടെ സൈന്യം ദേശീയ അഭിമാനത്തിൻ്റെയും ഐക്യത്തിൻ്റെയും പ്രതീകമാണെന്നും യൂണിയൻ്റെ ഓരോ കോട്ടയും എതിരാളികളെ തടയുന്നതും സ്ഥിരത ഉറപ്പാക്കുകയും ചെയ്യുന്നു എന്നും അദ്ദേഹം കുറിച്ചു. സൈനിക മികവിന് ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട സായുധ സേനയുടെ ഭാഗമാകുന്നത് വലിയ ബഹുമതിയും അഭിമാനത്തോടെ താൻ വഹിക്കുന്ന ഉത്തരവാദിത്തവുമാണ് എന്നും അദ്ദേഹം അറിയിച്ചു.