ന്യൂഡല്ഹി > ആര്എസ്എസ് പ്രവര്ത്തനങ്ങളില് ഏര്പ്പെടുന്നതിന് സര്ക്കാര് ഉദ്യോഗസ്ഥരെ വിലക്കിക്കൊണ്ടുള്ള ഉത്തരവ് പിന്വലിച്ചു. 1948ല് മഹാത്മാ ഗാന്ധിയുടെ വധത്തോടെ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന സര്ദാര് വല്ലഭായ് പട്ടേലാണ് ആര്എസ്എസിന്റെ പ്രവര്ത്തനങ്ങളില് ഏര്പ്പെടുന്നതില് നിന്നും സര്ക്കാര് ഉദ്യോഗസ്ഥരെ വിലക്കിക്കൊണ്ടുള്ള ആദ്യ ഉത്തരവ് പുറപ്പെടുവിക്കുന്നത്. 58 വര്ഷം പഴക്കമുള്ള വിലക്കാണ് നീക്കിയിരിക്കുന്നത്.
2024 ജൂണ് 4ന് ശേഷം വഷളായ ആര്എസ്എസിന്റെയും നരേന്ദ്ര മോദിയുടെയും ബന്ധം ബലപ്പെടുത്തുന്നതിനായാണ് ഈ നീക്കമെന്നു മുതിര്ന്ന കോണ്ഗ്രസ് നേതാവായ ജയറാം രമേശ് സമൂഹമാധ്യമമായ എക്സില് ആരോപിച്ചു. അടല് ബിഹാരി വാജ്പേയിയുടെ ഭരണകാലത്തു പോലും നിലനിന്നിരുന്ന ഈ വിലക്ക് പിന്വലിക്കുന്നതിലൂടെ ഉദ്യോഗസ്ഥവൃന്ദത്തിനു ഇനി കാക്കി നിക്കര് ധരിച്ച് ജോലിക്കെത്താന് കഴിയുമെന്നും അദ്ദേഹം പരിഹസിച്ചു.
മഹാത്മാ ഗാന്ധി വധത്തിന് ശേഷം നിലവിൽ വന്ന വിലക്ക് ഇടക്കാലത്ത് നീക്കാൻ ശ്രമം നടന്നു എങ്കിലും 1966 ൽ ഇന്ദിര ഗാന്ധി സര്ക്കാര് വിലക്ക് വീണ്ടും പ്രഖ്യാപിച്ചു. ബിജെപിയുടെ പ്രത്യയശാസ്ത്ര സ്ഥാപനമായ രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ പ്രീതി തിരികെ നേടാനുള്ള ശ്രമം നരേന്ദ്ര മോദി സജീവമാക്കി എന്ന വാർത്തകൾക്ക് ഇടയിലാണ് പുതിയ ഉത്തരവ്.
1966 ല് ഇറക്കിയ ഉത്തരവ് പിന്വലിച്ചതായി ബിജെപി നേതാവ് അമിത് മാളവ്യയും എക്സില് പരസ്യപ്പെടുത്തിയിരുന്നു . 1966 നവംബര് 7 ന് പാര്ലമെന്റില് ഗോഹത്യക്കെതിരെ വന് പ്രതിഷേധം നടന്നതിനാലാണ് ഈ നിരോധനം ഏര്പ്പെടുത്തിയതെന്ന് പുതിയ ന്യായീകരണം അവതരിപ്പിക്കയും ചെയ്തു.