ന്യൂഡൽഹി > വാഹനങ്ങളുടെ മുൻ വിൻഡ് ഷീൽഡിൽ തന്നെ ഫാസ്ടാഗ് സ്ഥാപിക്കണമെന്നും ഇല്ലെങ്കിൽ ഇരട്ടി ടോൾ ഈടാക്കുമെന്നും കേന്ദ്രം. വാഹനങ്ങളുടെ മുൻ വിൻഡ് ഷീൽഡിൽ ഫാസ്ടാഗ് ഘടിപ്പിക്കാതെ ടോൾ പാതയിൽ പ്രവേശിക്കുന്നവരിൽ നിന്ന് ഇരട്ടി ടോൾ ഈടാക്കുമെന്നാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) അറിയിച്ചത്. വിൻഡ്സ്ക്രീനിൽ ഫാസ്ടാഗ് ഘടിപ്പിക്കാത്തത് ടോൾ പ്ലാസകളിലെ തിരക്ക് കൂട്ടുമെന്നും ഇത് മറ്റ് യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കുമെന്നും എൻഎച്ച്എഐ വിജ്ഞാപനത്തിൽ പറയുന്നു.
മുൻവശത്തെ വിൻഡ്ഷീൽഡിൽ ഫാസ്ടാഗ് ഘടിപ്പിച്ചില്ലെങ്കിൽ ഇരട്ടി ടോൾ ഈടാക്കുന്നതിന് എല്ലാ ടോൾ ഫീസ് കളക്ഷൻ ഏജൻസികൾക്കും നിർദേശം നൽകിയിട്ടുണ്ടെന്നും ഇതിനുള്ള മാർഗനിർദേശങ്ങൾ നൽകിയതായും എൻഎച്ച്എഐ പറഞ്ഞു. മുന്നിൽ ഫാസ്ടാഗില്ലാത്ത വാഹനങ്ങളുടെ നമ്പറടക്കം സിസിടിവി ദൃശ്യങ്ങൾ സൂക്ഷിക്കുകയും വാഹനങ്ങളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്യും. ഫാസ്ടാഗ് നൽകുന്ന ബാങ്കുകൾ നൽകുമ്പോൾ തന്നെ മുൻ വിൻഡ് ഷീൽഡിൽ അത് വയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും എൻഎച്ച്എഐ പറഞ്ഞു.