ന്യൂ ഡൽഹി > അധികാര ദുർവിനിയോഗം വ്യാജ സർട്ടിഫിക്കറ്റ് നിർമാണം തുടങ്ങിയ ആരോപണങ്ങൾ നേരിടുന്ന വിവാദ ഐഎഎസ് ട്രെയിനി ഓഫീസർ പൂജ ഖേദ്കറിനെ പിരിച്ചുവിടാൻ സാധ്യത. പൂജയ്ക്കെതിരായ റിപ്പോർട്ട് മഹാരാഷ്ട്ര സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ചു. കേസ് ഫയൽ ചെയ്തു.
2022ലെ സിവിൽ സർവീസ് പരീക്ഷയിൽ നിന്നും സ്ഥാനാർത്ഥിത്വം റദ്ദാക്കുന്നതിനും ഭാവി പരീക്ഷകളിൽ നിന്ന് വിലക്കുന്നതിനുമായി കാരണം കാണിക്കൽ നോട്ടീസ് നൽകി.
2022ലെ സിവിൽ സർവീസ് പരീക്ഷയുടെ താത്കാലികമായി ശുപാർശ ചെയ്യപ്പെട്ട പൂജ മനോരമ ദിലീപ് ഖേദ്കറുടെ പെരുമാറ്റത്തെക്കുറിച്ച് വിശദവും സമഗ്രവുമായ അന്വേഷണം നടത്തിയതായി കമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞു.
പരീക്ഷയെഴുതാൻ തെറ്റായ വിവരങ്ങൾ നൽകിയെന്ന ആരോപണത്തിൽ അന്വേഷണം നേരിടുകയായിരുന്നു പൂജ. ശാരീരിക വൈകല്യങ്ങളുടെയും മറ്റ് പിന്നാക്ക വിഭാഗങ്ങളുടെയും (ഒബിസി) ആനുകുല്യം ഉപയോഗപ്പെടുത്തിയെന്നാണ് പൂജയ്ക്ക് നേരെ ഉയർന്ന ആരോപണങ്ങൾ. ക്രിമിനൽ കുറ്റങ്ങൾ ഉൾപ്പെടെ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
പേര്, അച്ഛൻ്റെയും അമ്മയുടെയും പേര്, ഫോട്ടോ, ഒപ്പ്, ഇമെയിൽ ഐഡി, മൊബൈൽ നമ്പർ, വിലാസം എന്നിവയിൽ അനധികൃതമായി മാറ്റം വരുത്തിയതായി അന്വേഷണത്തിലൂടെ കണ്ടെത്തി.
പൂനെയിൽ പോസ്റ്റ് ചെയ്യുന്നതിനിടെ പ്രത്യേക ഓഫീസും ഔദ്യോഗിക കാറും വേണമെന്നാവശ്യപ്പെട്ട പൂജ ട്രെയിനി ഓഫീസർമാർക്ക് അർഹതയില്ലാത്ത സൗകര്യങ്ങളും പ്രയോജനപ്പെടുത്തി. പൂജ ഓടിച്ച, സ്വകാര്യ കമ്പനിയുടെ പേരിൽ റജിസ്റ്റർ ചെയ്ത ഓഡി കാറിൽ ‘മഹാരാഷ്ട്ര സർക്കാർ’ എന്ന ബോർഡും ചുവപ്പ്-നീല നിറത്തിലുള്ള ബീക്കണും ഉപയോഗിച്ചിരുന്നു.