ന്യൂഡൽഹി > അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ് യുജി)യുടെ ഫലം നഗരാടിസ്ഥാനത്തിലും പരീക്ഷാ കേന്ദ്രത്തിന്റെ അടിസ്ഥാനത്തിലും പ്രസിദ്ധീകരിക്കാൻ നാഷണൽ ടെസ്റ്റിങ് ഏജൻസിക്ക് (എൻടിഎ) നിർദേശം നൽകി സുപ്രീം കോടതി. പരീക്ഷയ്ക്കെതിരെയുള്ള 40ഓളം ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിച്ചിരുന്നു. തുടർന്നാണ് നിർദേശം നൽകിയത്. ശനിയാഴ്ച 12ന് മുമ്പ് ഫലം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നാണ് നിർദേശം.
റോൾ നമ്പർ മറച്ച് ഒരോ സെൻ്ററിലും പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെ മാർക്ക് വിശദമായി പ്രസിദ്ധീകരിക്കണമെന്നാണ് സുപ്രീംകോടതി നിർദേശം നൽകിയിരിക്കുന്നത്. കേസ് വീണ്ടും തിങ്കളാഴ്ച പരിഗണിക്കുമെന്നും കോടതി അറിയിച്ചു. വെള്ളിയാഴ്ച 5 മണിക്കുള്ളിൽ റിസൾട്ട് പ്രസിദ്ധീകരിക്കണമെന്നാണ് ആദ്യം ഉത്തരവിട്ടിരുന്നതെങ്കിലും എൻടിഎയുടെ ആവശ്യപ്രകാരം ശനി ഉച്ചവരെ സമയം അനുവദിക്കുകയായിരുന്നു.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. പരീക്ഷയുടെ മുഴുവൻ പവിത്രതയെയും ബാധിച്ചെന്നു ബോധ്യപ്പെട്ടാൽ മാത്രമേ പുനഃപരീക്ഷയ്ക്ക് ഉത്തരവിടാനാവൂ എന്ന് സുപ്രീം കോടതി രാവിലെ ഹർജികൾ പരിഗണിച്ച് പറഞ്ഞിരുന്നു. ചോദ്യപ്പേപ്പർ ചോർച്ച വ്യാപകമായി നടന്നെന്നും മുഴുവൻ പരീക്ഷകളെയും ബാധിച്ചെന്നും ബോധ്യപ്പെട്ടാൽ മാത്രമേ പുനഃപരീക്ഷയ്ക്കായി അനുമതി നൽകൂ എന്നും കോടതി വ്യക്തമാക്കിയിരുന്നു.