ചെന്നൈ > ബിഎസ്പി തമിഴ്നാട് അധ്യക്ഷൻ കെ ആംസ്ട്രോങ്ങിനെ വധിച്ച കേസിൽ അറസ്റ്റിലായ പ്രതികളിലൊരാളെ തമിഴ്നാട് പൊലീസ് വെടിവച്ചുകൊന്നു. മാധവരത്തിൽ ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. ക്രിമിനൽ കേസുകളിൽ പ്രതിയായ തിരുവെങ്കടം (33) ആണ് കൊല്ലപ്പെട്ടത്. പൊലീസ് പറയുന്നത് ഇങ്ങനെ: ജൂലൈ 11ന് പിടിയിലായ തിരുവെങ്കടത്തെ പറങ്കിമലൈയിലെ ആംഡ് ക്യാമ്പലെത്തിച്ചിരുന്നു. ചോദ്യംചെയ്യലിനുശേഷം ആയുധങ്ങള്‍ കണ്ടെത്താനായി ഞായർ പുലര്‍ച്ചെ സെംബിയം പൊലീസ് സംഘം ഇയാളുമായി മാധവരത്തെ ഒളിസങ്കേതത്തിലെത്തി. ഇവിടെനിന്ന് എടുത്ത തോക്കുപയോഗിച്ച് പൊലീസിനുനേരെ വെടിയുതിര്‍ത്ത് തിരുവെങ്കടം രക്ഷപ്പെടാൻ ശ്രമിച്ചു. ഇതോടെ പൊലീസ് തിരിച്ചുവെടിവയ്ക്കുകയായിരുന്നു.
മൂന്ന് വധക്കേസിൽ പ്രതിയാണ് തിരുവെങ്കടം. ജൂലൈ അഞ്ചിനാണ് ആംസ്ട്രോങ്ങിനെ ചെന്നൈ പെരമ്പൂരിലെ വീടിന് സമീപംവച്ച് ബൈക്കിലെത്തിയ ആറംഗ സംഘം വെട്ടിക്കൊന്നത്. കേസിൽ 11 പ്രതികള്‍ അറസ്റ്റിലായിട്ടുണ്ട്. അതേസമയം, നടന്നത് വ്യാജ ഏറ്റുമുട്ടൽ കൊലയാണെന്ന് പ്രതിപക്ഷനേതാവ് എടപ്പാടി പളനിസ്വാമി, കോൺഗ്രസ് നേതാവ് കാര്‍ത്തി ചിദംബരം, ബിജെപി നേതാവ് അണ്ണാമലൈ തുടങ്ങിയവര്‍ ആരോപിച്ചു.