ഈ മാസം അവസാനം നടക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കൻ പര്യടനത്തിൽ രോഹിത് ശർമ്മ, വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ തുടങ്ങിയ സീനയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ചു. സെപ്റ്റംബറില്‍ ബംഗ്ലാദേശിനെതിരെ രണ്ട് ടെസ്റ്റുകളും മൂന്ന് ടി20 മത്സരങ്ങളും ഇന്ത്യയിൽ നടക്കും. ഈ മത്സരങ്ങളിൽ താരങ്ങൾ തിരിച്ചെത്തുന്ന തരത്തിലാണ് വിശ്രമം അനുവദിച്ചിരിക്കുന്നത്.
ജൂലൈ 27 മുതൽ ഓഗസ്റ്റ് 7 വരെ നടക്കുന്ന ശ്രീലങ്കൻ പര്യടനത്തിൽ, മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും ഉൾപ്പെടുന്നു. ലോകകപ്പിന് ശേഷം ടി20യിൽ നിന്ന് രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു, അതേസമയം രാജ്യത്തിനായി ഫോർമാറ്റ് കളിക്കുന്നത് ബുംറ തുടരും. ടീമിനെ തിരഞ്ഞെടുക്കാൻ അടുത്തയാഴ്ച സെലക്ഷൻ കമ്മിറ്റി യോഗം ചേരുമെന്നാണ് വിവരം.
“സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ച് വരാനിരിക്കുന്ന സീസണിനായി തയ്യാറെടുക്കുകയാണ്. രോഹിത്, വിരാട്, ബുംറ എന്നിവർക്ക് വിശ്രമം നൽകിയിട്ടുണ്ട്. സെപ്റ്റംബറിൽ ബംഗ്ലാദേശിനെതിരെ നടക്കുന്ന ടെസ്റ്റ് മത്സരങ്ങളിൽ താരങ്ങൾ ടീമിനൊപ്പം ചേരും,” ബിസിസിഐ വൃത്തങ്ങൾ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
ബംഗ്ലാദേശുമായുള്ള പരമ്പരയ്ക്ക് ശേഷം, ഇന്ത്യൻ ടീം ന്യൂസിലൻഡിനെ സ്വന്തം തട്ടകത്തിൽ നേരിടും. ഒക്ടോബർ 16 മുതൽ നവംബർ 5 വരെയാണ് മൂന്ന് ടെസ്റ്റുകളിൽ ഇന്ത്യ ആതിഥേയത്വം വഹിക്കുക. നവംബർ 22ന് ഓസ്‌ട്രേലിയയിൽ ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്ക് മുൻമ്പായി, നവംബർ 8നും 15നും ഇടയിൽ നാല് ടി20കൾക്കായി ഇന്ത്യൻ സംഘം ദക്ഷിണാഫ്രിക്കയിലേക്ക് പറക്കും.
ശ്രീലങ്കൻ പരമ്പരയ്ക്ക് മുന്നോടിയായി പുതിയ പരിശീലകൻ ഇന്ത്യൻ ടീമിൽ എത്തുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി. അതേ സമയം, ശ്രീലങ്കൻ പരമ്പരയിൽ സഞ്ജു സാസൺ ഉൾപ്പെടെയുള്ള താരങ്ങൾക്ക് അവസരം തെളിയും. ഏകദിന ടി20 മത്സരങ്ങളിൽ സഞ്ജുവിന് ടീമിലിടം കിട്ടാൻ സാധ്യതയുണ്ട്.
വരാനിരിക്കുന്ന സിംബാബ്‌വെയ്ക്കെതിരെയുള്ള മത്സരങ്ങളിൽ സഞ്ജുവിന് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചാൽ താരത്തിന്റെ സ്ഥാനം ഉറപ്പിക്കാം. എന്നാൽ സിംബാബ്‌വെയ്ക്കെതിരെയുള്ള മുന്നാം ടി20യിൽ സഞ്ജുവിനെ ഏത് പൊസിഷനിൽ കഴിപ്പിക്കുമെന്ന കാര്യങ്ങളിലടക്കം ടീം മാനേജ്മെന്റിന് തലവേദനയുണ്ട്. അഞ്ചാമനായി മധ്യനിരയിൽ സഞ്ജു കളിക്കുമെന്നാണ് സൂചന.
Read More
- ടി20 ലോകകപ്പ്: ഇന്ത്യൻ ടീമിന് ബിസിസിഐയുടെ 125 കോടി; സഞ്ജു സാംസണ് കിട്ടുന്നത് എത്ര?
- പക അത് വീട്ടാനുള്ളതാണ്; സിംബാബ്‌വെയെ നിഷ്പ്രഭമാക്കി ഇന്ത്യ
- ഇന്ത്യൻ നായകനായി രോഹിത് ശർമ്മ തുടരും; പൂർണ്ണ വിശ്വാസമെന്ന് ജയ് ഷാ
- ‘കോപ്പയിൽ കാനറികളുടെ കണ്ണീർ’; സെമി കാണാതെ ബ്രസീൽ പുറത്ത്
- സി ആർ സെവനും എംബാപ്പെയും നേർക്കുനേർ; യൂറോ ക്വാർട്ടറിൽ തീ പാറും പോരാട്ടം