ലോകകപ്പ് ടി20യിൽ കളിക്കാൻ അവസരം നഷ്ടമായപ്പോഴും, മലയാളി താരം സഞ്ജു സാസണ് സിംബാബ്‌വെ പര്യടനത്തിൽ തിളങ്ങാനാവുമെന്നാണ് ആരാധകർ ആശ്വസിച്ചത്. എന്നാൽ സഞ്ജുവിന് വിലങ്ങുതടിയായി അപ്രതീക്ഷിതമായി ബാർബഡോസിൽ ചുഴലക്കാറ്റുണ്ടാകുകയും ഇന്ത്യൻ സംഘത്തിന്റെ നാട്ടിലേക്കുള്ള മടക്കം വൈകുകയും ചെയ്തു.
ലോകകപ്പ് ടീമിനൊപ്പം സ്വീകരണത്തിലും ആഘോഷങ്ങളിലും പങ്കെടുത്ത ശേഷം, സിംബാബ്‌വെക്കെതിരെ മൂന്ന് മത്സരങ്ങളിൽ താരം ടീമിൽ കളിക്കുമെന്നാണ് കരുതിയിരുന്നത്. ജൂലൈ 10, 13, 14 തീയതികളിൽ നടക്കേണ്ട മത്സരങ്ങൾക്കായി സഞ്ജു സിംബാബ്‌വെയിൽ എത്തി പരിശീലനം തുടങ്ങിക്കഴിഞ്ഞു. എന്നാൽ ഈ മത്സരങ്ങളിൽ താരത്തിന് അവസരം കിട്ടുമോ എന്നാണ് ആരാധകരുടെ ആശങ്ക.
സിംബാബ്‌വെക്കെതിരെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ഇന്ത്യ, രണ്ടാം മത്സരത്തിൽ കൂറ്റൻ വിജയം നേടി. അഭിഷേക് ശർമ്മ (47 പന്തിൽ 100 ), റുതുരാജ് ഗെയ്‌ക്‌വാദ് (47 പന്തിൽ 77*) റിങ്കു സിങ് (22 പന്തിൽ 48*) എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ചു. ഇന്ത്യൻ യുവനിരയുടെ മിന്നും ഫോം സഞ്ജുവിന് നിർഭാഗ്യം ആകുമോ എന്നാണ് ഇനിയറിയേണ്ടത്.
സഞ്ജു സാസന്റെ ഇഷ്ട പൊസിഷനാണ് മൂന്നാം നമ്പർ. എന്നാൽ മൂന്നാം നമ്പർ താരത്തിന് നൽകുന്നത് ടീം മാനേജ്മെന്റിന് തലവേദനയാകും. അവസാന മത്സരങ്ങളിൽ മൂന്നാം നമ്പരിൽ കളിച്ച റുതുരാജ് ഗെയ്കവാദ് മിന്നും ഫോമിലാണ്. നാലാമനായി ഇറങ്ങുന്ന റിങ്കു സിങ്ങും അവസാന മത്സരത്തിൽ നിർണായക പ്രകടനം പുറത്തെടുത്തു. ഫോമിലുള്ള ഇരുവരെയും ടീമിൽ നിന്ന് മാറ്റുമോ എന്നത് കണ്ടറിയണം.
Sanju Samson has arrived in Zimbabwe…!!!!
– He is set to play in the 3rd T20I. pic.twitter.com/BJ5x6JvFE8
— Johns. (@CricCrazyJohns) July 7, 2024
ഓപ്പണറായി കളിക്കുന്ന അഭിഷേക് ശര്‍മ്മ സെഞ്ചുറി നേടി രണ്ടാം ടി20യിലെ വിജയ ശിൽപിയാണ്. രണ്ടാം നമ്പരിൽ കളിക്കുന്ന ശുഭ്മാൻ ഗില്ല് ക്യാപ്റ്റൻ കൂടിയായതിനാൽ കഴിഞ്ഞ മത്സരത്തിൽ നിരാശപ്പെടുത്തിയെങ്കിലും സ്ഥാനം നഷ്ടപ്പെടാൻ സാധ്യതയില്ല. ഇതോടെ സഞ്ജുവിന് അഞ്ചാം നമ്പരിൽ സ്ഥാനം ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂലൈ 10ന് ഇന്ത്യൻ സമയം വൈകിട്ട് 4.30നാണ് മൂന്നാം ടി20. എല്ലാ മത്സരങ്ങളും ഹരാരെ സ്പോര്‍ട്സ് ക്ലബ്ബ് ഗ്രൗണ്ടിലാണ് നടക്കുക.
Read More
- ടി20 ലോകകപ്പ്: ഇന്ത്യൻ ടീമിന് ബിസിസിഐയുടെ 125 കോടി; സഞ്ജു സാംസണ് കിട്ടുന്നത് എത്ര?
- പക അത് വീട്ടാനുള്ളതാണ്; സിംബാബ്‌വെയെ നിഷ്പ്രഭമാക്കി ഇന്ത്യ
- ഇന്ത്യൻ നായകനായി രോഹിത് ശർമ്മ തുടരും; പൂർണ്ണ വിശ്വാസമെന്ന് ജയ് ഷാ
- ‘കോപ്പയിൽ കാനറികളുടെ കണ്ണീർ’; സെമി കാണാതെ ബ്രസീൽ പുറത്ത്
- സി ആർ സെവനും എംബാപ്പെയും നേർക്കുനേർ; യൂറോ ക്വാർട്ടറിൽ തീ പാറും പോരാട്ടം
- കോപ്പ അമേരിക്ക: അർജന്റീന സെമിയിൽ; മെസിക്ക് പിഴച്ചെങ്കിലും രക്ഷകനായി മാർട്ടിനെസ്