ഡൽഹി: നാളുകളായി നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കുമിടയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ഹെഡ് കോച്ചായി ഗൗതം ഗംഭീറിനെ നിയമിച്ചു. ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ഗൗതം ഗംഭീറിനെ നിയമിച്ചതായി ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് തന്റെ ട്വിറ്റർ പേജിലൂടെ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ഹെഡ് കോച്ചായി സ്വാഗതം ചെയ്യുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ഷാ തന്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു.
“ആധുനിക ക്രിക്കറ്റ് അതിവേഗം വികസിച്ചു. തന്റെ കരിയറിൽ ഉടനീളം വ്യത്യസ്‌ത റോളുകളിൽ മികവ് പുലർത്തിയതിനാൽ, ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ട് നയിക്കാൻ അനുയോജ്യമായ വ്യക്തിയാണ് ഗൗതം എന്ന് എനിക്ക് ഉറപ്പുണ്ട്” ജയ് ഷാ കുറിച്ചു. ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിന് ശേഷം സ്ഥാനമൊഴിഞ്ഞ രാഹുൽ ദ്രാവിഡിൽ നിന്നാണ് ഗംഭീർ മുഖ്യ പരിശീലകനായി ചുമതലയേൽക്കുന്നത്.
യുഎസ്എയിലും വെസ്റ്റ് ഇൻഡീസിലുമായി നടന്ന ടി20 ലോകകപ്പിന് ശേഷം ബാറ്റിംഗ് കോച്ച് വിക്രം റാത്തോർ, ബൗളിംഗ് കോച്ച് പരാസ് മാംബ്രെ, ഫീൽഡിംഗ് കോച്ച് ടി ദിലീപ് എന്നിവരുടെ കാലാവധിയും അവസാനിച്ചിട്ടുണ്ട്. ബിസിസിഐ ഉടൻ തന്നെ ടീമിന്റെ സപ്പോർട്ട് സ്റ്റാഫിനായി അപേക്ഷ ക്ഷണിക്കും. പുതിയ പരിശീലകനായി ഗംഭീർ ശ്രീലങ്കൻ പരമ്പര മുതൽ ഇന്ത്യൻ ടീമിനൊപ്പം ചേരുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി.
It is with immense pleasure that I welcome Mr @GautamGambhir as the new Head Coach of the Indian Cricket Team. Modern-day cricket has evolved rapidly, and Gautam has witnessed this changing landscape up close. Having endured the grind and excelled in various roles throughout his… pic.twitter.com/bvXyP47kqJ
— Jay Shah (@JayShah) July 9, 2024
ഗംഭീറിന് തന്റെ സപ്പോർട്ട് സ്റ്റാഫിനെ തിരഞ്ഞെടുക്കാൻ ബോർഡ് അവസരം നൽകുമെന്നാണ് വിവരം. അതേ സമയം ഫോർമാറ്റുകളിലുടനീളം വിജയകരമായ ഓപ്പണിംഗ് ബാറ്റ്സ്മാനെന്ന നിലയിൽ തിളങ്ങിയ ഗംഭീർ പരിശീലകനാകുമ്പോൾ ഇന്ത്യൻ ടീമിന് ഒരു ബാറ്റിംഗ് കോച്ച് ഉണ്ടാകുമോ എന്ന് വ്യക്തമല്ല. 2024-ലെ ഐപിഎൽ കിരീടം നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മെന്ററായിരുന്നു ഗംഭീർ.
Read More
- ടി20 ലോകകപ്പ്: ഇന്ത്യൻ ടീമിന് ബിസിസിഐയുടെ 125 കോടി; സഞ്ജു സാംസണ് കിട്ടുന്നത് എത്ര?
- പക അത് വീട്ടാനുള്ളതാണ്; സിംബാബ്‌വെയെ നിഷ്പ്രഭമാക്കി ഇന്ത്യ
- ഇന്ത്യൻ നായകനായി രോഹിത് ശർമ്മ തുടരും; പൂർണ്ണ വിശ്വാസമെന്ന് ജയ് ഷാ
- ‘കോപ്പയിൽ കാനറികളുടെ കണ്ണീർ’; സെമി കാണാതെ ബ്രസീൽ പുറത്ത്