ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിൻ്റെ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ച ഏക സ്ഥാനാർത്ഥിയായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ. ഗംഭീർ ചൊവ്വാഴ്ച ഒരു ഓൺലൈൻ വീഡിയോ കോളിലൂടെ ക്രിക്കറ്റ് ഉപദേശക സമിതിക്ക് (സി.എ.സി) മുമ്പാകെ അഭിമുഖത്തിന് ഹാജരാകും. അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലും നടക്കുന്ന ടി20 ലോകകപ്പിന് ശേഷം നിലവിലെ ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡിൻ്റെ കാലാവധി അവസാനിക്കാനിരിക്കുകയാണ്.
പുതിയ കോച്ചിൻ്റെ കാലാവധി 2024 ജൂലൈയിൽ ആരംഭിച്ച് അടുത്ത ഏകദിന ലോകകപ്പിൻ്റെ വർഷമായ 2027 ഡിസംബർ 31 വരെ നീളുന്നതാണ്. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) മെയ് പകുതിയോടെ ഈ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു, ഐപിഎൽ ഫൈനൽ കഴിഞ്ഞതിൻ്റെ പിറ്റേന്ന് മെയ് 27 ആയിരുന്നു അവസാന തീയതി. നിലവിലെ ഐപിഎൽ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ മെൻ്റർ കൂടിയാണ് ഗംഭീർ. മുൻ ക്രിക്കറ്റ് താരങ്ങളായ അശോക് മൽഹോത്ര, ജതിൻ പരഞ്ജ്‌പെ, സുലക്ഷണ നായിക് എന്നിവരടങ്ങുന്നതാണ് സി.എ.സി.
സലിൽ അങ്കോളയ്ക്ക് പകരക്കാരനായി പുതിയൊരു സെലക്ടറെ കണ്ടെത്താനും ക്രിക്കറ്റ് ഉപദേശക സമിതി അഭിമുഖം നടത്തും. അങ്കോളയും ചീഫ് സെലക്ടർ അജിത് അഗാർക്കറും വെസ്റ്റ് സോണിൽ നിന്നുള്ളവരാണ്. അതിനാൽ പുതിയ സെലക്ടർ നോർത്ത് സോണിൽ നിന്നുള്ള ആളാകാനാണ് സാധ്യത. സ്ഥാനമൊഴിഞ്ഞ ചേതൻ ശർമ്മയ്ക്ക് പകരമായി കഴിഞ്ഞ വർഷം ജൂലൈയിലാണ് അജിത് അഗാർക്കർ നിയമിതനായത്. അഗാർക്കർ ചുമതലയേൽക്കുമ്പോൾ അങ്കോള സെലക്ടറായിരുന്നു.
അഭിമുഖങ്ങൾക്ക് ശേഷം, സിഎസി ബിസിസിഐക്ക് ശുപാർശകൾ നൽകും. “ഞങ്ങൾ ഹെഡ് കോച്ച്, സെലക്ടർ തസ്തികകളിലേക്കുള്ള ഉദ്യോഗാർത്ഥികൾക്കായി ഒരു അഭിമുഖം നടത്തുകയാണ്. സി.എ.സി അതിൻ്റെ ശുപാർശ ബിസിസിഐക്ക് സമർപ്പിക്കും. അതിന് ശേഷം ബോർഡ് ഔദ്യോഗിക പ്രഖ്യാപനം നടത്തും,” ബിസിസിഐ വൃത്തങ്ങൾ സ്ഥിരീകരിച്ചു.
ഐപിഎല്ലിലെ രണ്ട് പരിശീലകരായ റിക്കി പോണ്ടിങ്ങും ജസ്റ്റിൻ ലാംഗറും ഇന്ത്യൻ കോച്ച് സ്ഥാനം നിരസിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. മുൻ ഓസ്‌ട്രേലിയൻ താരങ്ങളൊന്നും ഈ ജോലിക്കായി സമീപിച്ചിട്ടില്ലെന്ന് ബിസിസിഐ വ്യക്തമാക്കി. ഞാനോ ബിസിസിഐയോ ഒരു മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് കളിക്കാരനേയും കോച്ചിംഗ് ഓഫറുമായി സമീപിച്ചിട്ടില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു.
“ചില മാധ്യമങ്ങളിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ പൂർണ്ണമായും തെറ്റാണ്. നമ്മുടെ ദേശീയ ടീമിന് അനുയോജ്യമായ പരിശീലകനെ കണ്ടെത്തുക എന്നത് സൂക്ഷ്മവും സമഗ്രവുമായ പ്രക്രിയയാണ്. ഇന്ത്യൻ ക്രിക്കറ്റ് ഘടനയെക്കുറിച്ച് ആഴത്തിലുള്ള ധാരണയുള്ളവരും റാങ്കുകളിലൂടെ ഉയർന്നവരുമായ വ്യക്തികളെ തിരിച്ചറിയുന്നതിലാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്,” ജയ് ഷാ പറഞ്ഞു.
ബിസിസിഐ ലിസ്റ്റുചെയ്തിരിക്കുന്ന പുതിയ ഹെഡ് കോച്ചിൻ്റെ ചില ആവശ്യകതകൾ
അപേക്ഷകർ മാർക്വീ അത്‌ലറ്റുകളെ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട ജോലി പ്രതീക്ഷകളും സമ്മർദ്ദങ്ങളും നിറവേറ്റാൻ തയ്യാറായിരിക്കണം. കൂടാതെ സ്ഥിരതയുള്ള ലോകോത്തര നിലവാരമുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ വികസിപ്പിക്കുന്നതിന് അവരെ സഹായിക്കുകയും വേണം. എല്ലാ സാഹചര്യങ്ങളിലും ഫോർമാറ്റുകളിലും വിജയത്തിലൂടെയും, കളിയോടുള്ള അവരുടെ സമീപനത്തിലൂടെയും. ക്രിക്കറ്റർമാരേയും ഭാവി തലമുറകളെയും പ്രചോദിപ്പിക്കണം.
Read More Sports News Here
- Euro 2024: ആരാകും യൂറോപ്പിന്റെ ചാമ്പ്യന്മാർ? മത്സര ഷെഡ്യൂളും ടീം വിശദാംശങ്ങളും
- ന്യൂയോർക്കിലെ നസാവു സ്റ്റേഡിയം ഇനി ഓർമ്മ; ബൗളിങിനെ തുണച്ച് പിച്ച് പൊളിക്കാൻ ബുൾഡോസർ എത്തി
- ‘കോഹ്ലി ലാഹോറിലോ കറാച്ചിയിലോ കളിക്കുമ്പോഴേ പാക് ആരാധക പിന്തുണയുടെ വലിപ്പം മനസ്സിലാകൂ’
- ലോകകപ്പിൽ ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ എന്നാണ്?
- ലോകകപ്പ്, ഐപിഎൽ മുന്നൊരുക്കങ്ങൾക്കായി സഞ്ജു ഫോണ്‍ ഓഫാക്കി വച്ചത് മൂന്ന് മാസം
- പ്ലേ ഓഫുകളിൽ പതറുന്ന സഞ്ജു സാംസൺ; കണക്കുകളിലും നിരാശ മാത്രം