ടി 20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ത്യ ഇന്ന് കാനഡയെ നേരിടുമ്പോൾ സഞ്ജു സാംസൺ അന്തിമ ഇലവനിൽ സ്ഥാനം പിടിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. മഴ ഭീഷണി നിലനിൽക്കുന്ന ഫ്ലോറിഡയിലെ സെൻട്രൽ ബ്രോവാർഡ് റീജിയണൽ പാർക്ക് സ്റ്റേഡിയം ടർഫ് ഗ്രൗണ്ടിലാണ് കാനഡയ്‌ക്കെതിരായ ഇന്ത്യയുടെ ഇന്നത്തെ മത്സരം.യുഎസ്എയ്‌ക്കെതിരായ വിജയത്തോടെ സൂപ്പർ 8 സ്ഥാനം ഉറപ്പിച്ച രോഹിത്തും സംഘവും യാതൊരു സമ്മർദ്ദവുമില്ലാതെയാവും ഇന്ന് കാനഡയ്ക്കെതിരെ കളത്തിലിറങ്ങുക.
ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ അവസാന മത്സരമായതിനാൽ തന്നെ റിസർവ്വ് താരങ്ങൾക്കെല്ലാം ഇന്ന് അവസരം ലഭിച്ചേക്കുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ മലയാളി താരം സഞ്ജു സാംസണും കുൽദീപ് യാദവും ഇന്ന് അന്തിമ ഇലവനിൽ ഇടം പിടിച്ചേക്കും. സൂപ്പർ 8 മത്സരങ്ങൾക്ക് മുമ്പ് മുതിർന്ന താരങ്ങൾക്ക് വിശ്രമം അനുവദിക്കാനുള്ള സാധ്യതയാണ് ഇന്ത്യൻ ക്യാമ്പിൽ നിന്നും പുറത്തുവരുന്നത്.
ശിവം ദുബെക്ക് പകരം സഞ്ജു?
ബംഗ്ലാദേശിനെതിരായ ലോകകപ്പ് സന്നാഹ മത്സരത്തിൽ രോഹിത് ശർമ്മയ്‌ക്കൊപ്പം ഓപ്പണറായി ഇറങ്ങിയ സഞ്ജു സാംസണ് തന്റെ അവസരം മുതലെടുക്കാനായിരുന്നില്ല. അതിനാൽ തന്നെ പിന്നീടിങ്ങോട്ട് ഇതുവരെ റിസർവ്വ് ബെഞ്ചിലായിരുന്നു രാജസ്ഥാൻ റോയൽസ് ക്യാപ്റ്റന്റെ സ്ഥാനം. യു.എസ്.എയ്‌ക്കെതിരെ നിർണായകമായ 31 റൺസ് നേടിയ ശിവം ദുബെയ്ക്ക് അടുത്ത മത്സരങ്ങൾക്ക് മുന്നോടിയായി വിശ്രമമനുവദിക്കാൻ ടീം മാനേജ്മെന്റ് തീരുമാനിച്ചാൽ സഞ്ജുവിന് ഇന്ന് നറുക്കു വിണേക്കാം.
ജഡേജയ്ക്ക് പകരം കുൽദീപ് ?
ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിൽ രവീന്ദ്ര ജഡേജയ്ക്ക് ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങാനായിട്ടില്ല. അതിനാൽ തന്നെ കാനഡയ്ക്കെതിരായ മത്സരത്തിൽ ജയേജയ്ക്ക് പകരം പ്രീമിയർ സ്പിന്നർ കുൽദീപ് യാദവിന് ഇടം ലഭിച്ചേക്കുമെന്നാണ് സൂചന. നിലവിൽ മികച്ച രീതിയിൽ പന്തെറിയുന്ന അക്സർ പട്ടേലിന്റെ ബൗളിംഗ് പ്രകടനം രവീന്ദ്ര ജഡേജയേക്കാൾ മികച്ചതാണ്. അതിനാൽ തന്നെ അക്സറിനൊപ്പം പന്തെറിയാനുള്ള അവസരം രോഹിത് കുൽദീപിന് നൽകാനാണ് സാധ്യത.
ഇന്ത്യ- സാധ്യതാ ഇലവൻ: രോഹിത് ശർമ്മ (ക്യാപ്റ്റൻ), വിരാട് കോലി, ഋഷഭ് പന്ത്, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്
കാനഡ- സാധ്യതാ ഇലവൻ: ആരോൺ ജോൺസൺ, നവനീത് ധലിവാൾ, പർഗത് സിംഗ്, ദിൽപ്രീത് ബജ്‌വ, നിക്കോളാസ് കിർട്ടൺ, ശ്രേയസ് മോവ (വിക്കറ്റ് കീപ്പർ), ദില്ലൺ ഹെയ്‌ലിഗർ, സാദ് ബിൻ സഫർ (ക്യാപ്റ്റൻ), കലീം സന, ജുനൈദ് സിദ്ദിഖി, ജെറമി ഗോർഡൻ.
Read More Sports News Here
- ന്യൂയോർക്കിലെ നസാവു സ്റ്റേഡിയം ഇനി ഓർമ്മ; ബൗളിങിനെ തുണച്ച് പിച്ച് പൊളിക്കാൻ ബുൾഡോസർ എത്തി
- ‘കോഹ്ലി ലാഹോറിലോ കറാച്ചിയിലോ കളിക്കുമ്പോഴേ പാക് ആരാധക പിന്തുണയുടെ വലിപ്പം മനസ്സിലാകൂ’
- ലോകകപ്പിൽ ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ എന്നാണ്?
- ലോകകപ്പ്, ഐപിഎൽ മുന്നൊരുക്കങ്ങൾക്കായി സഞ്ജു ഫോണ്‍ ഓഫാക്കി വച്ചത് മൂന്ന് മാസം
- പ്ലേ ഓഫുകളിൽ പതറുന്ന സഞ്ജു സാംസൺ; കണക്കുകളിലും നിരാശ മാത്രം