അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് ഫ്രഞ്ച് ക്ലബ്ബായ പിഎസ്‌ജിയുമായുള്ള കരാർ അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപിച്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ. തൻ്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വെള്ളിയാഴ്ചയാണ് താരം ക്ലബ്ബ് വിടുന്നകാര്യം സ്ഥിരീകരിച്ചത്. ഫ്രാൻസിനൊപ്പം ലോകകിരീടം നേടിയ എംബാപ്പെ എഎസ് മൊണാക്കോയിൽ നിന്ന് 2017ലാണ് പിഎസ്ജിയിൽ എത്തിയത്.
പിഎസ്‌ജിയിൽ തൊട്ടതെല്ലാം പൊന്നാക്കിയ സൂപ്പർതാരം ക്ലബ് വിടുന്നുവെന്ന വാർത്തകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. എംബാപ്പെ തന്റെ കുട്ടിക്കാലത്തെ ഏറ്റവും പ്രിയപ്പെട്ട ക്ലബ്ബായ റയൽ മാഡ്രിഡിലേക്ക് മാറാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ കുറച്ച് സീസണുകളായി എംബാപ്പെയെ ക്യാമ്പിലെത്തിക്കാനുള്ള ശ്രമങ്ങൾ റയൽ നടത്തി വന്നിരുന്നു.
നിലവിൽ യുറോപ്യൻ ഫുട്ബോളിൽ ഒരു താരത്തിന് ലഭിക്കുന്നതിൽ ഏറ്റവും ഉയർന്ന പ്രതിഫലമാണ് പിഎസ്‌ജി എംബാപ്പയ്ക്ക് നൽകുന്നത്. അതിൽ കുറഞ്ഞ തുകയ്ക്ക് താരത്തെ തങ്ങൾക്കൊപ്പമെത്തിക്കാനാണ് റയൽ മാഡ്രിഡിന്റെ ശ്രമങ്ങളെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
നേരത്തെ ഈ സീസണിന് ശേഷം ടീം വിടുമെന്നാണ് എംബാപ്പെ വെളിപ്പെടുത്തിരുന്നത്. ഏഴുവർഷം നീണ്ട പിഎസ്ജി കരിയറാണ് ടീം വിടുന്നതോടെ സൂപ്പർതാരം അവസാനിപ്പിക്കുന്നത്. “സമയമാകുമ്പോൾ നിങ്ങളോട് സംസാരിക്കുമെന്ന് ഞാൻ എപ്പോഴും പറയാറുണ്ട്. അതുപൊലെ തന്നെ ഇത് പാരീസ് സെൻ്റ് ജെർമെയ്‌നിലെ എൻ്റെ അവസാന വർഷമാണ്. ഞാൻ ഏതാനും ആഴ്ചകൾക്കുള്ളിൽ ക്ലബ് വിടും. ഞായറാഴ്‌ച പാർക്ക് ഡെസ് പ്രിൻസസിൽ ഞാൻ പിഎസ്ജിക്കായുള്ള അവസാന മത്സരം കളിക്കും” എംബാപ്പെ പറഞ്ഞു.
പിഎസ്‌ജി ടീം മാനേജ്‌മെന്റിനും സഹതാരങ്ങള്‍ക്കും സ്റ്റാഫുകള്‍ക്കും നന്ദി പറഞ്ഞ എംബാപ്പെ, പാരീസ് വിടുന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള തീരുമാനമാണെന്നും ആരാധകരെ അറിയിച്ചു. 255 ഗോളുകൾ നേടിയിട്ടുള്ള എംബാപ്പെ, പിഎസ്‌ജിയുടെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോററാണ്. പിഎസ്‌ജി ജേഴ്സിയിൽ 306 മത്സരങ്ങളിലാണ് എംബാപ്പെ ബൂട്ടണിഞ്ഞത്.
ക്ലബ് മാറുന്നതിനായി രാജ്യം വിടുമെന്നും താരം പറഞ്ഞു. എന്നാൽ ഇതാദ്യമായല്ല എംബാപ്പെ സ്പാനിഷ് വമ്പൻമാരുമായുള്ള ട്രാൻസ്ഫർ വാർത്തകളിൽ ഇടംപിടിക്കുന്നത്.
കിലിയന്‍ എംബാപ്പെ സ്വന്തമാക്കിയ നേട്ടങ്ങൾ
- പാരീസ് സെൻ്റ് ജെർമെയ്ൻ്റെ എക്കാലത്തെയും റെക്കോർഡ് ഗോൾ സ്‌കോറർ (225 ഗോളുകൾ)
- ഒറ്റ സീസണിൽ ലീഗ് 1 മത്സരങ്ങളിൽ 20 ഗോളുകൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ (2016/17)
- ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ (2017ൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരെ)
- ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഫ്രഞ്ച് താരം (2018ൽ പെറുവിനെതിരെ)
- ലോകകപ്പ് ഫൈനലിൽ ഗോൾ നേടിയ ചരിത്രത്തിലെ രണ്ടാമത്തെ കൗമാരക്കാരൻ (2018ൽ ക്രൊയേഷ്യക്കെതിരെ)
- ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് മത്സരത്തിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ (2021ൽ ബാഴ്സലോണക്കെതിരെ)
- ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ ഏറ്റവും വേഗത്തിൽ 25 ഗോളുകൾ (22 കളികൾ) നേടിയ താരം
- ലീഗ് 1 ചരിത്രത്തിലെ ഏറ്റവും വേഗത്തിൽ 50 ഗോളുകൾ (61 കളികൾ) നേടിയ താരം
Read More Sports News Here
- ‘രാഹുൽ അവർ നിങ്ങളെ അർഹിക്കുന്നില്ല’; സ്വന്തം നാട്ടിലേക്ക് തിരികെവിളിച്ച് ഫാൻസ്
- ഹൈദരാബാദിൽ ഫഹദിന്റെ ‘ആവേശം’ കാണാനെത്തി സഞ്ജു സാംസൺ
- സഞ്ജു തന്നെയോ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ? പരിഗണിക്കാനുള്ള 5 കാരണങ്ങൾ
- സഞ്ജുവിന് വിലക്ക് വരും; അപ്രതീക്ഷിത തിരിച്ചടി ഭയന്ന് രാജസ്ഥാൻ റോയൽസ്
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?