ബെംഗളൂരു: ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യതകൾ നിലനിർത്തുന്നതിനായുള്ള പോരോട്ടത്തിനിടയിൽ ഡൽഹി ക്യാപ്പിറ്റൽസിന് തിരച്ചടി. രാജസ്ഥാൻ റോയൽസിനെതിരെയുള്ള മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിന് ഡൽഹിയുടെ നായകനും വിക്കറ്റ് കീപ്പറുമായ ഋഷഭ് പന്തിന് അടുത്ത മത്സരത്തിൽ നിന്നും വിലക്ക് ഏർപ്പെടുത്തി. ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റന് പിഴയും ഒരു മത്സരത്തിൽ നിന്ന് സസ്‌പെൻഷനും ഏർപ്പെടുത്തിയതായി ലീഗ് പത്രക്കുറിപ്പിൽ അറിയിച്ചു. ഇതോടെ ഞായറാഴ്ച റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ സുപ്രധാന മത്സരം പന്തിന് നഷ്ടമാകും.
“മിനിമം ഓവർ റേറ്റ് കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ഐപിഎൽ പെരുമാറ്റച്ചട്ടത്തിന് കീഴിലുള്ള സീസണിലെ ഋഷഭ് പന്തിന്റെ ടീമിന്റെ മൂന്നാമത്തെ കുറ്റമായതിനാൽ, ഋഷഭ് പന്തിന് 30 ലക്ഷം രൂപ പിഴയും ഒരു മത്സരത്തിൽ നിന്ന് സസ്‌പെൻഷനും വിധിക്കുന്നു. ഇംപാക്ട് പ്ലെയർ ഉൾപ്പെടെയുള്ള പ്ലെയിംഗ് ഇലവനിലെ ബാക്കി അംഗങ്ങൾക്ക് ഓരോരുത്തർക്കും വ്യക്തിഗതമായി 12 ലക്ഷം രൂപയോ അതാത് മാച്ച് ഫീയുടെ 50 ശതമാനമോ, ഏതാണോ കുറവ് അത് പിഴയായും ഈടാക്കും. ലീഗ് പ്രസ്താവനയിൽ പറഞ്ഞു.
“ഐപിഎൽ പെരുമാറ്റച്ചട്ടത്തിന്റെ ആർട്ടിക്കിൾ 8 അനുസരിച്ച്, പിഴ വിധിച്ച മാച്ച് റഫറിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ഡൽഹി ക്യാപിറ്റൽസ് അപ്പീൽ നൽകി. ഇതേത്തുടർന്ന് അപ്പീൽ ബിസിസിഐ ഓംബുഡ്‌സ്മാന്റെ പരിഗണനയ്ക്ക് വിട്ടിരുന്നു. ഓംബുഡ്‌സ്മാൻ ഒരു വെർച്വൽ ഹിയറിങ് നടത്തുകയും മാച്ച് റഫറിയുടെ തീരുമാനം അന്തിമവും ബാധ്യസ്ഥവുമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു”. പ്രസ്താവന കൂട്ടിച്ചേർത്തു.
പന്തിന്റെ അഭാവത്തിൽ നാളെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിൽ ഡല്‍ഹി നായകനായി ആരെയാകും പരിഗണിക്കുക എന്നതാണ് ഇപ്പോഴുയരുന്ന പ്രധാന ചോദ്യം. ബെംഗളൂരുവിന്റെ ഹോം സ്റ്റേഡിയമായ ചിന്നസ്വാമിയിലാണ് നാളത്തെ മത്സരം. പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ ഇരു ടീമുകൾക്കും മത്സരം ഏറെ പ്രധാനമാണ്. ഈ സാഹചര്യത്തിൽ പന്തിന്റെ അഭാവം ഡൽഹിക്ക് തിരിച്ചടിയായേക്കും.
Read More Sports News Here
- ‘രാഹുൽ അവർ നിങ്ങളെ അർഹിക്കുന്നില്ല’; സ്വന്തം നാട്ടിലേക്ക് തിരികെവിളിച്ച് ഫാൻസ്
- ഹൈദരാബാദിൽ ഫഹദിന്റെ ‘ആവേശം’ കാണാനെത്തി സഞ്ജു സാംസൺ
- സഞ്ജു തന്നെയോ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ? പരിഗണിക്കാനുള്ള 5 കാരണങ്ങൾ
- സഞ്ജുവിന് വിലക്ക് വരും; അപ്രതീക്ഷിത തിരിച്ചടി ഭയന്ന് രാജസ്ഥാൻ റോയൽസ്
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?