രാജസ്ഥാന്‍ റോയല്‍സ് നായകനും മലയാളി താരവുമായ സഞ്ജു സാംസണ് നന്ദിയറിയിച്ച് ഇന്ത്യൻ താരവും രാജസ്ഥാന്റെ വെടിക്കെട്ട് ഓപ്പണറുമായ യശസ്വി ജയ്സ്വാൾ. 17ാമത് ഐപിഎൽ സീസണിൽ കളിച്ച എട്ട് മത്സരത്തില്‍ ഏഴും വിജയിച്ച് 14 പോയിന്റുമായി രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ്.
“ഞാന്‍ ഇന്നത്തെ മത്സരം തുടക്കം മുതൽക്കേ ആസ്വദിച്ചുവെന്ന് കരുതുന്നു. പന്ത് ശരിയായി നിരീക്ഷിക്കുകയും ഷോട്ടുകള്‍ കളിക്കുകയും ചെയ്യാന്‍ എനിക്ക് സാധിച്ചു. ചില ദിവസങ്ങള്‍ കഠിനമാണ്. ചില ദിവസങ്ങള്‍ നല്ലതാണ്. മത്സരം ആസ്വദിച്ച് കളിക്കുക മാത്രമാണ് ഇന്ന് ഞാന്‍ ചെയ്തത്. എന്റെ മനസ്സില്‍ പ്രത്യേകിച്ചൊന്നും ഉണ്ടായിരുന്നില്ല,” മത്സരശേഷം ജയ്സ്വാൾ പറഞ്ഞു.
He’ll back you. He’ll support you. He’ll celebrate you. His name is Sanju Samson, Captain. 💗🙏 pic.twitter.com/gU8yXYxo7K
— Rajasthan Royals (@rajasthanroyals) April 23, 2024
“എന്റെ എല്ലാ സീനിയർ താരങ്ങളോടും ഞാന്‍ നന്ദി പറയുന്നു. ഈ എട്ട് മത്സരങ്ങളിലും അവര്‍ എന്നെ നയിച്ച രീതി അതിശയിപ്പിക്കുന്നതാണ്. പ്രത്യേകിച്ചും സഞ്ജു ഭായ് എന്നിൽ വിശ്വസിക്കുകയും എന്നെ പിന്തുണക്കുകയും ചെയ്തു. അദ്ദേഹത്തിനും കോച്ച് സംഗക്കാര സാറിനും രാജസ്ഥാന്‍ റോയല്‍സ് ടീം മാനേജ്‌മെന്റിനും നന്ദി. എന്നെ വിശ്വസിച്ച് എല്ലാ അവസരങ്ങളും നല്‍കിയതിനും, പരിശീലന സെഷനുകളിലും ഞാന്‍ കഠിനമായി പരിശ്രമിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും നന്ദി’, ജയ്‌സ്വാൾ പറഞ്ഞു.
മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തട്ടുപൊളിപ്പൻ ഫോമിലാണ്. കഴിഞ്ഞ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ 9 വിക്കറ്റുകളുടെ ആധികാരിക വിജയം സ്വന്തമാക്കിയാണ് സഞ്ജുവും സംഘവും മുന്നേറുന്നത്. 60 പന്തിൽ 7 സിക്സും 9 ഫോറുകളും സഹിതം 173.33 സ്ട്രൈക്ക് റേറ്റിലാണ് യശസ്വി ജയ്സ്വാൾ (104) ഈ സീസണിലെ ആദ്യ സെഞ്ചുറി നേടിയത്. 59 പന്തിൽ നിന്നാണ് താരം നൂറടിച്ചത്.
ടി20 ലോകകപ്പിന് മുന്നോടിയായി യശസ്വി ഫോമിലേക്ക് വന്നതും സെഞ്ചുറി അടിച്ചതും ഇന്ത്യൻ ടീമിന് ആശ്വാസം നൽകുന്ന കാര്യമാണ്. മത്സര ശേഷം രോഹിത് ശർമ്മയും ഹാർദിക് പാണ്ഡ്യയും ജോസ് ബട്ട്ലറും മറ്റു സഹതാരങ്ങളുമെല്ലാം രാജസ്ഥാൻ ഓപ്പണറെ അഭിനന്ദിക്കാനെത്തി.















