ഇന്ത്യൻ പ്രീമിയർ ലീഗിൽ സ്വപ്നനേട്ടം സ്വന്തമാക്കി രാജസ്ഥാൻ റോയൽസിന്റെ വിക്കറ്റ് വേട്ടക്കാരൻ യൂസ്വേന്ദ്ര ചഹൽ. ഐപിഎൽ ചരിത്രത്തിലാദ്യമായി 200 വിക്കറ്റ് വീഴ്ത്തുന്ന താരമായി ഈ ഇന്ത്യൻ സ്പിന്നർ മാറി.
മുംബൈ ഇന്ത്യൻസിനായി നന്നായി കളിച്ചുവന്ന അഫ്ഗാൻ താരം മുഹമ്മദ് നബിയെ പുറത്താക്കിയാണ് ചഹൽ പുതുചരിത്രമെഴുതിയത്. സ്വന്തം ബൗളിങ്ങിൽ ക്യാച്ചെടുത്താണ് നബിയെ മടക്കിയത്.
THE FIRST BOWLER IN IPL HISTORY TO PICK 200 WICKETS. 💥
– An emotional celebration from Yuzi Chahal. ❤️pic.twitter.com/FzkPC0WvrL
— Mufaddal Vohra (@mufaddal_vohra) April 22, 2024
ഇരുനൂറാം വിക്കറ്റ് നേട്ടത്തിന് പിന്നാലെ കണ്ണടച്ച് മുകളിലേക്ക് നോക്കിയുള്ള ആഹ്ളാദ പ്രകടനം വേറിട്ടതായിരുന്നു. പിന്നാലെ ടീമിലെ സഹതാരങ്ങളായ സഞ്ജു സാംസണും ഹെറ്റ്മെയറും താരത്തിനെ അഭിനന്ദിക്കാൻ ഓടിയെത്തി.
153 മത്സരങ്ങളിൽ നിന്നാണ് ചഹലിന്റെ 200 വിക്കറ്റ് നേട്ടം. 183 വിക്കറ്റുകൾ നേടിയ ഡ്വെയ്ൻ ബ്രാവോയാണ് വിക്കറ്റ് വേട്ടക്കാരിൽ രണ്ടാമൻ. 181 വിക്കറ്റുകളുള്ള പീയൂഷ് ചൗള മൂന്നാം സ്ഥാനത്താണ്. 174 വിക്കറ്റുകളോടെ ഭുവന്വേശർ കുമാർ നാലാം സ്ഥാനത്തും 173 വിക്കറ്റുമായി അമിത് മിശ്ര അഞ്ചാം സ്ഥാനത്തുമുണ്ട്.
അന്താരാഷ്ട്ര ടി20യിൽ 80 മത്സരങ്ങൾ കളിച്ച ചഹൽ ഇതിനോടകം 96 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. അതുപോലെ മറ്റൊരു നേട്ടത്തിനും അരികിലാണ് അദ്ദേഹം. ആഭ്യന്തര ടി20 ക്രിക്കറ്റിലെ വിക്കറ്റുകൾ കൂടി കണക്കിലെടുക്കുമ്പോൾ കരിയറിൽ 350ാം വിക്കറ്റിന് തൊട്ടരികിലാണ് ചഹൽ. ഒരു വിക്കറ്റ് കൂടെ സ്വന്തമാക്കിയാൽ രാജസ്ഥാൻ സ്റ്റാർ സ്പിന്നർക്ക് മാന്ത്രിക സംഖ്യയിലെത്താം.