ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിന് മുന്നോടിയായി സ്റ്റേഡിയത്തിലേക്ക് വരുന്നതിനിടെ ട്രാഫിക് ബ്ലോക്കിൽ പെട്ട മുംബൈ ഇന്ത്യൻസിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ. രാജസ്ഥാന്റെ ഹോം ഗ്രൌണ്ടായ സവായ് മാൻ സിങ് സ്റ്റേഡിയത്തിലേക്ക് വരും വഴിയാണ് ജയ്പൂരിലെ കടുത്ത ട്രാഫിക്ക് ബ്ലോക്കിൽ മുംബൈയുടെ ടീം ബസ് പെട്ടത്.
എന്നാൽ മുംബൈ ടീമിന്റെ രക്ഷകനായി പ്രത്യക്ഷപ്പെട്ട ബൈക്ക് യാത്രികനായ സണ്ണി എന്ന യുവാവിനാണ് സോഷ്യൽ മീഡിയ കൈയ്യടിക്കുന്നത്. ബസിന്റെ മുന്നിൽ നിർത്തിയിട്ട ബൈക്കുകളും കാറുകളും സൈഡിലേക്ക് മാറ്റി നിർത്താൻ സണ്ണി എല്ലാവരോടും ആവശ്യപ്പെടുന്നത് വീഡിയോയിൽ കാണാമായിരുന്നു.
സണ്ണിയുടെ നിർദ്ദേശപ്രകാരം വാഹനങ്ങൾ അരികിലേക്ക് ഒതുക്കി നിർത്തുന്നതും വീഡിയോയിൽ കാണാം. രാജസ്ഥാൻകാരനായ യുവാവിന്റെ അവസരോചിതമായ ഇടപെടലിന് കൈയ്യടിക്കുകയാണ് രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള മുംബൈ താരങ്ങളും പരിശീലകരും ചെയ്തത്.
Dil jeet liya Sunny bhai 🥹#MumbaiMeriJaan #MumbaiIndians #RRvMI pic.twitter.com/TzY2YRjCMK
— Mumbai Indians (@mipaltan) April 22, 2024
നിറഞ്ഞ ചിരിയോടെ സണ്ണിയെ അഭിനന്ദിക്കുന്ന രോഹിത് ശർമ്മയേയും വീഡിയോയിൽ കാണാം. മുംബൈ താരങ്ങളെല്ലാം നിത്യജീവിതത്തിലെ ഹീറോയെ അഭിനന്ദിക്കുന്ന കാഴ്ച ഏറെ ആഹ്ളാദം പകരുന്നതായിരുന്നു. ഈ വീഡിയോ മുംബൈ ഇന്ത്യൻസ് തന്നെയാണ് ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവച്ചത്.