തുടക്കത്തിൽ തിരിച്ചടിയേറ്റെങ്കിലും മദ്ധ്യനിരയുടെ കരുത്തിൽ കളിയിലേക്ക് ശക്തമായി തിരിച്ചെത്തി മുംബൈ ഇന്ത്യൻസ്. തിലക് വർമ്മ (65), നേഹൽ വധേര (24 പന്തിൽ 49) എന്നിവരുടെ കൂറ്റനടികളുടെ കരുത്തിലാണ് മുംബൈ മികച്ച സ്കോറിലേക്ക് തിരിച്ചെത്തിയത്.
പവർപ്ലേയിൽ മുംബൈ ഇന്ത്യൻസിനെ റണ്ണെടുക്കാൻ അനുവദിക്കാതെ വരിഞ്ഞുമുറുക്കാൻ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന്റെ ബോളർമാർക്ക് കഴിഞ്ഞിരുന്നു. ആദ്യ ആറ് ഓവറിൽ 45 റൺസിന് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി സഞ്ജുപ്പട മാസ്സ് പ്രകടനമാണ് നടത്തിയത്.
നേഹൽ വധേരയെ കളത്തിലിറക്കി മുംബൈ നടത്തിയ ചൂതാട്ടം രാജസ്ഥാന്റെ പദ്ധതികളെ താളം തെറ്റിച്ചു. 52/4 എന്ന സ്കോറിൽ നിന്നും 151/5 എന്ന സ്കോറിലെത്തിച്ചാണ് വാലറ്റക്കാരനായ വധേര മടങ്ങിയത്. നാല് സിക്സും മൂന്ന് ഫോറുകളും അദ്ദേഹം പറത്തി. തുടക്കത്തിൽ കരുതലോടെ ബാറ്റുവീശിയ തിലകും പിന്നീട് ആക്രമണകാരിയാകുന്നതാണ് കണ്ടത്.
തകർത്തടിച്ച തിലക് വർമ്മയെ സന്ദീപ് ശർമ്മയുടെ പന്തിൽ റോവ്മാൻ പവൽ ക്യാച്ചെടുത്ത് പുറത്താക്കി. എന്നാൽ നാലോവറിൽ വെറും 18 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമ്മയാണ് രാജസ്ഥാൻ ബോളർമാരിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ചത്. ട്രെന്റ് ബോൾട്ട് രണ്ട് വിക്കറ്റെടുത്തു. അവസാന ഓവറുകളിലും രാജസ്ഥാൻ ബോളർമാർ റണ്ണൊഴുക്ക് നന്നായി നിയന്ത്രിച്ചു.