കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ, ഫുൾ ടോസ് പന്തിൽ പുറത്തായതിന് പിന്നാലെ രോഷാകുലനായ വിരാട് കോഹ്ലിയെയാണ് ആരാധകർ കണ്ടത്. മത്സരത്തിന്റെ മൂന്നാം ഓവറിലെ ആദ്യ പന്തിലാണ് വിരാട് കോഹ്ലി ഹർഷിത് റാണയുടെ പന്തിൽ പുറത്താകുന്നത്. എന്നാൽ പുറത്തായതിന് പിന്നാലെ ഫുൾ ടോസിന്റെ ഉയരത്തെക്കുറിച്ച് സംശയം പ്രകടിപ്പിച്ച കോഹ്ലി അമ്പയറോട് റിവ്യൂ ആവശ്യപ്പെടുകയായിരുന്നു. റിവ്യൂ പരിശോധിച്ച് തേർഡ് അമ്പയർ കോഹ്ലി പുറത്തായെന്ന് വിധി പറഞ്ഞപ്പോഴാണ് സൂപ്പർ താരം അമ്പയർമാരോട് കയർത്തത്.
ഇതിനു പിന്നാലെ അമ്പയറുടെ തീരുമാനത്തെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. ഇതോടെ അമ്പയറുടെ വിധി കൃത്യമായിരുന്നോ എന്ന സംശയം പലരിലും ഉടലെടുത്തിരുന്നു. ഐപിഎല്ലിലെ റിവ്യൂ സിസ്റ്റം ഈ വർഷം മുതൽ ഫുട്ബോളിലെ വാർ സാങ്കേതികവിദ്യ പോലെയാണ് പരിശോധിച്ച് വരുന്നത്.
ക്രീസിൽ നിവർന്നു നിൽക്കുന്ന സ്‌ട്രൈക്കറുടെ അരക്കെട്ടിൻ്റെ ഉയരത്തിന് മുകളിലുടെ പന്ത് നിലത്ത് കുത്താതെ കടന്നുപോകുകയാണെങ്കിൽ അത് ‘നോ ബോൾ’ ആയി കണക്കാക്കുമെന്നാണ് പ്ലേയിംഗ് കണ്ടീഷൻ 41.7.1 പറയുന്നത്. ഇത് ബാറ്ററെ ശാരീരികമായി പരിക്കേൽപ്പിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ, വളരെ മുന്നിലായിരുന്ന കോഹ്‌ലി എത്ര ഉയരത്തിൽ പന്ത് നേരിട്ടു എന്നത് പ്രശ്നമല്ല.
സാങ്കേതികവിദ്യ ഉപയോഗിച്ച് കണ്ടെത്തിയ കോലിയുടെ അരക്കെട്ട് വരെയുള്ള ഉയരം 1.04 മീറ്ററാണ്. അതിനാൽ കോലി ക്രീസിനുള്ളിൽ നിൽക്കുകയായിരുന്നെങ്കിൽ ഹര്‍ഷിതിന്റെ പന്ത് 0.92 മീറ്റര്‍ ഉയരത്തിലായിരിക്കും കോലിയെ കടന്നുപോകുക. റിവ്യൂ സിസ്റ്റം നടത്തിയ വിശകലനത്തിൽ ഇത് വ്യക്തമായതോടെയാണ്, പന്ത് നോബോള്‍ വിളിക്കാതിരുന്നതും, കോഹ്ലി പുറത്തായതും.