ടൊറന്റോ: കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്റിൽ ജേതാവായി ഇന്ത്യയുടെ ഗ്രാൻഡ്മാസ്റ്റർ ദൊമ്മരാജു ഗുകേഷ്. ടൂര്‍ണമെന്റ് ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ വിജയിയെന്ന നേട്ടവും പതിനേഴുകാരനായ ഗുകേഷ് സ്വന്തമാക്കി. 2014-ല്‍ വിശ്വനാഥന്‍ ആനന്ദ് ജേതാവായ ശേഷം കാന്‍ഡിഡേറ്റ്‌സ് ചെസ് ടൂര്‍ണമെന്റ് വിജയിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനെന്ന നേട്ടവും സ്വന്തമാക്കി.
യുഎസിന്റെ ഹിക്കാരു നാക്കാമുറയെ സമനിലയില്‍ തളച്ചാണ് ടൂർണമെന്റിൽ ഗുകേഷ് ജയിച്ചത്. ലോക ചാമ്പ്യനെ നേരിടേണ്ട ചലഞ്ചറെ കണ്ടെത്താനുള്ളതാണ് കാന്‍ഡിഡേറ്റ്സ് ചെസ് ടൂര്‍ണമെന്റ്. ഈ വർഷം നടക്കുന്ന ലോക ചെസ് ചാമ്പ്യൻഷിപ്പിൽ നിലവിലെ ലോക ചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനെയാണ് ഗുകേഷ് നേരിടുക.
കാന്‍ഡിഡേറ്റ്സ് ജേതാവിന് 48 ലക്ഷത്തോളം രൂപയാണ് സമ്മാനമായി ലഭിക്കുക. 12-ാം വയസില്‍ ഗുകേഷ് ഗ്രാന്‍ഡ്മാസ്റ്റര്‍ പട്ടം നേടിയിരുന്നു. ഇതോടെ ഗ്രാന്‍ഡ്മാസ്റ്റര്‍ പട്ടം നേടുന്ന പ്രായംകുറഞ്ഞ മൂന്നാമത്തെ താരമെന്ന നേട്ടവും സ്വന്തമാക്കി.