
വർഷങ്ങൾക്ക് മുമ്പ് തന്നെ ക്രിക്കറ്റിൽ കിരീടം വയ്ക്കാത്ത രാജാവായി അവരോധിക്കപ്പെട്ട്, ലോകജനത ഒന്നടങ്കം ആരാധിച്ച് പോരുന്ന ഒരു ബിംബമാണ് വിരാട് കോഹ്ലിയുടേത്. ടെസ്റ്റിലും ഏകദിനത്തിലും ടി20യിലും അയാൾക്ക് പകരം വയ്ക്കാൻ മറ്റൊരാളില്ലാത്ത സ്ഥിതിയായിരുന്നു മുൻകാലങ്ങളിൽ ഉണ്ടായിരുന്നത്.
90കളിൽ ബ്ലാക്ക് ആൻഡ് വൈറ്റ് ടി.വിയിൽ സച്ചിൻ ടെണ്ടുൽക്കറുടെ കോപ്പി ബുക്ക് ഷോട്ടുകൾ കണ്ട് ശീലിച്ച്, അതിനെ അനുകരിച്ച് സ്വന്തമായൊരു പാത ക്രിക്കറ്റിൽ വെട്ടിത്തെളിയിക്കാൻ കഴിഞ്ഞുവെന്നതാണ് വിരാട് കോഹ്ലിയെ അനിഷേധ്യനായ ഒരു ക്രിക്കറ്ററായി ഇന്നും നിലനിർത്തുന്നത്.
ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിനെ പോലെ കിരീടം നേടാൻ ഭാഗ്യമില്ലാതെ പോയൊരു ടീമിന്റെ (ആർ.സി.ബി) അമരത്ത് നീണ്ട 17 വർഷക്കാലം ചിലവിടുമ്പോഴും, കോഹ്ലിയെ ആരാധകർ അളവില്ലാതെ സ്നേഹിക്കണമെങ്കിൽ അത് അയാളുടെ വ്യക്തിപ്രഭാവമല്ലാതെ മറ്റെന്താണ്? ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാൻ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്ന മേലാളന്മാർ അറിയണം ഇന്ത്യയിൽ വിരാട് കോഹ്ലി ഇല്ലെങ്കിൽ ടി20 ക്രിക്കറ്റ് ഇല്ലെന്ന്.
ക്രിക്കറ്റിൻ്റെ ധാർമ്മികതയോടുള്ള കോഹ്‌ലിയുടെ പ്രതിബദ്ധതയെക്കുറിച്ച് ഐതിഹാസികമായൊരു വരി ഉപയോഗിച്ച് പ്രശസ്ത ഓസ്‌ട്രേലിയൻ ക്രിക്കറ്റ് എഴുത്തുകാരൻ ഗിഡിയോൺ ഹെയ് ഇങ്ങനെ സംഗ്രഹിച്ചിരിക്കുന്നു. “ബിസിനസ്സുകാർ ടി20യിൽ നിന്ന് ക്രിക്കറ്റിനെ പുറത്തെടുക്കാൻ ഇഷ്ടപ്പെടുന്നത് പോലെ, കോഹ്‌ലി അത് തിരികെ കൊണ്ടുവരാനും ഇഷ്ടപ്പെടുന്നു”.
പാതിദൂരം പിന്നിട്ട ഐപിഎൽ സീസണിൽ ടോപ് സ്കോററായി ഓറഞ്ച് ക്യാപ് തലയിൽ അണിയുമ്പോഴും കോഹ്ലിയുടെ സ്ഥാനത്തെ ചൊല്ലിയുള്ള സെലക്ടർമാർക്കിടയിലെ ചർച്ചകൾ അധികകാലമായിട്ടില്ല ആരംഭിച്ചിട്ട്. കോഹ്ലിയുടെ ചെറുത്തുനിൽപ്പുകളും ചെറിയ തോതിൽ അഴഞ്ഞുതുടങ്ങിയിട്ടുണ്ട് എന്നാണ് ക്രിക്കറ്റ് വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. സ്ട്രൈക്ക് റേറ്റ് 140ന് അടുത്താണെന്ന പഴി മാത്രമെ അദ്ദേഹത്തിനുള്ളൂ. യഥാർത്ഥത്തിൽ കോഹ്ലിയുടേത് ഇഴഞ്ഞുനീങ്ങുന്ന ഇന്നിങ്സുകൾ ആണെന്ന് പലരും പഴി പറയാൻ കാരണം അദ്ദേഹമല്ല.
ടി20 ക്രിക്കറ്റിൽ ഉദിച്ചുയർന്നു വരുന്ന ചില പുതുതലമുറ ബാറ്റർമാരാണ്. ട്രാവിസ് ഹെഡ്ഡ്, ജോസ് ബട്ട്ലർ, ഹെൻറിച് ക്ലാസൻ തുടങ്ങിയ വെടിക്കെട്ട് വീരന്മാർ പലപ്പോഴും 250ന് മുകളിൽ സ്ട്രൈക്ക് റേറ്റുമായി ബാറ്റ് വീശുമ്പോൾ സ്വാഭാവികമായും ക്രിക്കറ്റിലെ നവയുഗ ട്രെന്റുകൾ മാറുന്നുവെന്ന സൂചനയാണ് ലഭിക്കുന്നത്. സൂര്യകുമാർ യാദവും ദിനേശ് കാർത്തിക്കും യശസ്വി ജെയ്സ്വാളും ഒഴികെയുള്ള ക്രിക്കറ്റർമാർ ഈ മാറിവീശുന്ന കാറ്റിന്റെ ദിശയറിയാതെ നടുക്കടലിൽ പെട്ട അവസ്ഥയിലാണ്. ഇവിടെ കോഹ്ലിയെ മാത്രം ക്രൂശിക്കുന്നവർ കഥയറിയാതെ ആട്ടം കാണുന്നവരാണ്.
Read More
- ഈ സഞ്ജുവിന്റെയൊരു കാര്യം; ബട്ട്ലറേക്കാൾ ക്യാപ്റ്റനെ സന്തോഷിപ്പിച്ചത് മറ്റൊരാൾ
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ















