ബുധനാഴ്ച നടന്ന ഐപിഎൽ മത്സരത്തിൽ, രാജസ്ഥാൻ റോയൽസിനെ മൂന്നു വിക്കറ്റിനാണ് ഗുജറാത്ത് ടൈറ്റൻസ് പരാജയപ്പെടുത്തിയത്. 44 പന്തിൽ 72 റൺസ് നേടിയ ശുഭ്മാൻ ഗില്ലിന്റെ പ്രകടനം ഗുജറാത്തിന്റെ പോരാട്ടത്തിന് നട്ടെല്ലായി. ഈ മത്സരത്തോടെ ഒരു അപൂർവ നേട്ടത്തിനാണ് ഗില്ല് അർഹനായത്.
ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ 3000 റൺസ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ എന്ന ബഹുമതിയാണ് ശുഭ്മാൻ ഗില്ല് നേടിയത്. മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെയും രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസന്റെയും റെക്കോർഡാണ് ഇതോടെ ഗില്ല് മറികടന്നത്.
24 വയസും 215 ദവസവുമാണ് 3000 റൺസ് നേടുമ്പോൾ ഗില്ലിന്റെ പ്രായം. 26-ാം വയസിലാണ് വിരാട് കോഹ്ലിയും സഞ്ജു സാസംനും ഈ നേട്ടം സ്വന്തമാക്കിയത്.
കളിക്കാരൻ | പ്രായം |
ശുഭ്മാൻ ഗിൽ | 24 വർഷം 215 ദിവസം |
വിരാട് കോലി | 26 വർഷം 186 ദിവസം |
സഞ്ജു സാംസൺ | 26 വർഷം 320 ദിവസം |
സുരേഷ് റെയ്‌ന | 26 വർഷം 161 ദിവസം |
രോഹിത് ശർമ്മ | 27 വർഷം 343 ദിവസം |
3000 റൺസ് പിന്നിടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതിക്ക് പുറമേ, അതിവേഗം 3000 റൺസ് നേടുന്ന താരങ്ങളുടെ പട്ടികയിലും ശുഭ്മാൻ ഗില്ല് ഇടംപിടിച്ചു. ഡേവിഡ് വാർണർ, ഫാഫ് ഡുപ്ലസീസ് എന്നീ താരങ്ങളെ പിന്നിലാക്കി, 94 മത്സരങ്ങളിലാണ് ഗില്ല് 3000 റൺസ് നേടിയത്. 75 മത്സരങ്ങളിൽ നിന്ന് 3000 തികച്ച ക്രിസ് ഗെയ്‌ലാണ് പട്ടികയിൽ ഒന്നാമത്.
കളിക്കാരൻ | ഇന്നിംഗ്സ് |
ക്രിസ് ഗെയ്ൽ | 75 |
കെ എൽ രാഹുൽ | 80 |
ജോസ് ബട്ട്‌ലർ | 85 |
ശുഭ്മാൻ ഗിൽ | 94 |
ടൈറ്റൻസിനായി ടൂർണമെന്റിലുടനീളം നിർണ്ണായക മത്സരങ്ങൾ കളിക്കുന്ന താരത്തിന് ഓറഞ്ച് ക്യാപ്പിനും സാധ്യതയുണ്ട്. 51 ശരാശരിയിൽ 255 റൺസാണ് ഈ സീസണിൽ താരം നേടിയിരിക്കുന്നത്. 151.79 എന്ന മികച്ച സ്ട്രൈക്ക് റേറ്റും താരത്തിനുണ്ട്. കോഹ്ലിയും, റിയാൻ പരാഗുമാണ് ഓറഞ്ച് ക്യാപ്പിനായുള്ള മത്സരത്തിൽ ഗില്ലിനു മുന്നിലുള്ളത്. 2023 ഐപിഎൽ സീസണിൽ മൂന്നു സെഞ്ചുറികളടക്കം 890 റൺസാണ് ഗില്ല് അടിച്ചുകൂട്ടിയത്.