ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന്റെ ജൈത്രയാത്രയ്ക്ക് വിരാമമിട്ട് ഗുജറാത്ത് ടൈറ്റൻസിന്റെ വാലറ്റം. ജയിക്കാൻ അവസാന പന്തിൽ രണ്ട് റൺസ് വേണമെന്നിരിക്കെ പന്ത് ബൌണ്ടറി കടത്തി റാഷിദ് ഖാനാണ് ടീമിന് മൂന്ന് വിക്കറ്റിന്റെ അവിശ്വസനീയ ജയം സമ്മാനിച്ചത്.
11 പന്തിൽ നിന്ന് 24 റൺസെടുത്ത റാഷിദും, 11 പന്തിൽ നിന്ന് 22 റൺസെടുത്ത രാഹുൽ തേവാട്ടിയയും സഞ്ജുവിന്റെ പക്കൽ നിന്നും ജയം പിടിച്ചെടുക്കുകയായിരുന്നു. 44 പന്തിൽ 72 റൺസെടുത്ത ശുഭ്മാൻ ഗില്ലും സായ് സുദർശനും (35) മികച്ച തുടക്കമാണ് ഗുജറാത്തിന് സമ്മാനിച്ചത്.
മത്സരത്തിൽ മൂന്ന് വിക്കറ്റ് പ്രകടനം നടത്തിയ കുൽദീപ് സെൻ എറിഞ്ഞ 19ാം ഓവറാണ് മത്സരത്തിൽ നിർണായക വഴിത്തിരിവായത്. ഈ ഓവറിൽ ഒരു നോബോൾ ഉൾപ്പെടെ 20 റൺസ് വിട്ടു നൽകിയതാണ് മത്സരം ഗുജറാത്തിന് അനുകൂലമാക്കിയത്. മൂന്ന് ഫോറും രണ്ട് വൈഡും ഈ ഓവറിൽ പിറന്നു. ഈ ഓവറിന് മുമ്പ് വിജയസാധ്യതയും രാജസ്ഥാനൊപ്പം ആയിരുന്നു.
മത്സര ശേഷം പരാജയ കാരണം എന്താണെന്ന ചോദ്യത്തിന് അവസാന ഓവറാണെന്ന് ഒറ്റവാക്കിൽ സഞ്ജു സാംസൺ മറുപടി നൽകിയതും ശ്രദ്ധേയമായി. ഏറെ നിരാശനായാണ് സഞ്ജു മറുപടി നൽകിയത്. ഇത്തരമൊരു തോൽവിക്ക് ശേഷം മറുപടി നൽകാൻ വാക്കുകളില്ലെന്നും സഞ്ജു കൂട്ടിച്ചേർത്തു.
നിശ്ചിത സമയത്തിൽ അഞ്ച് മിനിറ്റ് വൈകിയതിന് പെനാൽറ്റിയും സഞ്ജുവിന്റെ ടീമിന് വഴങ്ങേണ്ടി വന്നു. 20 ഓവർ എറിയുന്നതിന് മുമ്പ് രാജസ്ഥാന്റെ നാല് ഫീൽഡർമാർക്ക് മാത്രമാണ് ബൌണ്ടറി ലൈനിൽ ഫീൽഡ് ചെയ്യാൻ അനുമതി ഉണ്ടായിരുന്നത്. അവസാന ഓവറിൽ 15 റൺസ് മാത്രമാണ് ഗുജറാത്തിന് വേണ്ടിയിരുന്നത്. ഈ ഓവറിൽ മൂന്ന് ഫോറുകൾ ഉൾപ്പെടെ ആവേശ് ഖാൻ വഴങ്ങിയതും മത്സരം രാജസ്ഥാൻ്റെ കയ്യിൽ നിന്നും നഷ്ടപ്പെടുത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസിനെ രക്ഷിച്ചെടുത്തത് റിയാൻ പരാഗും സഞ്ജു സാംസണും ചേർന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടായിരുന്നു. 78 പന്തിൽ 130 റൺസിന്റെ പടുത്തുയർത്തിയാണ് സഖ്യം രാജസ്ഥാന് 196 റൺസ് സമ്മാനിച്ചത്. 48 പന്തിൽ 76 റൺസുമായി പരാഗ് രാജസ്ഥാന്റെ ടോപ് സ്കോററായി. അഞ്ച് സിക്സറുകളും മൂന്ന് ഫോറുകളും താരം പറത്തി. 38 പന്തിലാണ് സഞ്ജു സാംസൺ 68 റൺസെടുത്തത്. രണ്ട് സിക്സും ഏഴ് ഫോറുകളും മലയാളി താരം അടിച്ചെടുത്തു.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ