ഇന്ത്യൻ പ്രീമിയർ ലീഗിൽ വിരാട് കോഹ്ലി നിലവിൽ ഓറഞ്ച് ക്യാപ് ജേതാവാണ്. അഞ്ച് മത്സരങ്ങളിൽ നിന്ന് 316 റൺസ് നേടി വിരാട് കോഹ്ലി റൺവേട്ടക്കാരിൽ തലപ്പത്താണെങ്കിലും ടീമിന്റെ കാര്യം അത്ര ശുഭകരമല്ല. കളിച്ച അഞ്ച് മത്സരങ്ങളിൽ കേവലം ഒരു മത്സരം മാത്രമെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ജയിക്കാനായിട്ടുള്ളൂ. വിചിത്രമായൊരു കാര്യമെന്താണെന്ന് വച്ചാൽ കോഹ്ലി തിളങ്ങുമ്പോഴും ആർസിബി നിരയിൽ മറ്റാർക്കും അർധസെഞ്ചുറി പോലും നേടാനായിട്ടില്ലെന്നതാണ്.
കോഹ്ലി തിളങ്ങിയിട്ടും ആർസിബി തുടരെ തോൽക്കുന്നത് ടീമിന് വലിയ തലവേദനയാകുകയാണ്. ടി20 ലോകകപ്പിൽ ഇടം നേടാൻ വിരാട് കോഹ്ലിക്ക് ഓറഞ്ച് ക്യാപ് ആവശ്യമാണെന്നത് ഒരു വസ്തുത തന്നെയാണ്. എന്നാൽ പോയിന്റ് പട്ടികയിൽ ടീം ഒമ്പതാം സ്ഥാനത്താണെന്നത് നിരാശ നൽകുന്ന കാര്യമാണ്. ഫാഫ് ഡുപ്ലെസി, ഗ്ലെൻ മാക്സ്‌വെൽ തുടങ്ങിയവർക്കൊന്നും പ്രതീക്ഷിച്ചത് പോലെ വലിയ ഇന്നിങ്സുകൾ കളിക്കാൻ സാധിച്ചിട്ടില്ല.
അഞ്ച് മത്സരങ്ങളിൽ നിന്ന് 32 റൺസ് മാത്രമാണ് മാക്സ്‌വെൽ നേടിയത്. കാമറൂൺ ഗ്രീൻ (68), രജത് പാട്ടിദാർ (50 ) എന്നിവർക്കൊന്നും തിളങ്ങാനായിട്ടില്ല. ഡുപ്ലെസി 109, ദിനേഷ് കാർത്തിക് 90 എന്നിവരാണ് കൂട്ടത്തിൽ ഭേദപ്പെട്ട പ്രകടനം നടത്തിയ താരങ്ങൾ. ബെംഗളൂരുവിന്റെ ബോളിങ്ങ് നിരയാണ് അവരുടെ പ്രധാന ആശങ്ക.
അവരുടെ പ്രധാന ബോളറായ മുഹമ്മദ് സിറാജിന് ഇതുവരെ തിളങ്ങാനായിട്ടില്ല. റൺസ് ഏറെ വഴങ്ങുന്നതും ഒരു പ്രധാന ആശങ്കയാണ്. യഷ് ദയാലാണ് ഈ സീസണിൽ അഞ്ച് വിക്കറ്റ് നേട്ടവുമായി അവരുടെ പ്രധാന താരമാകുന്നത്.
സീസണിൽ ഇനിയും തിരിച്ചുവരാൻ അവസരമുണ്ടെന്നാണ് ആർസിബിയുടെ ഇംഗ്ലീഷ് പേസറായ റീസ് ടോപ്ലി പറയുന്നത്. “സമ്മർദ്ദഘട്ടങ്ങളിൽ കൂടുതൽ നന്നായി തിളങ്ങാൻ ഞങ്ങൾക്ക് കഴിയും. ഒരു ടീമെന്ന നിലയിൽ ഞങ്ങൾക്ക് എന്തുചെയ്യാൻ സാധിക്കുമെന്ന് വരും ദിവസങ്ങളിൽ കാണാം,” ടോപ്ലി പറഞ്ഞു.
വ്യാഴാഴ്ച ഹാർദിക് പാണ്ഡ്യ നയിക്കുന്ന മുംബൈ ഇന്ത്യൻസിനെ നേരിടാൻ ഒരുങ്ങുമ്പോൾ ബെംഗളൂരുവിന് ഇത് അഭിമാന പോരാട്ടമായി മാറുകയാണ്. പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനക്കാരായ മുംബൈയുടെ സ്ഥിതിയും വ്യത്യസ്തമല്ല. കളിച്ച നാല് കളികളിൽ ഒരു ജയം മാത്രമാണ് അവർക്ക് നേടാനായത്.
രോഹിത് ശർമ്മ താളം കണ്ടെത്തിയതും ടീം കൂടുതൽ ഒത്തിണക്കം കാണിക്കാൻ തുടങ്ങിയതും മുംബൈയ്ക്ക് അനുകൂലമായ ഘടകങ്ങളാണ്. നീണ്ട കാലത്തിന് ശേഷം കളിക്കാനെത്തിയ സൂര്യകുമാർ യാദവ് കൂടി ഫോമിലെത്തിയാൽ മുംബൈയെ തോൽപ്പിക്കുക അത്ര എളുപ്പമാകില്ല.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ