മുംബൈ: സാമ്പത്തിക തട്ടിപ്പ് കേസില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ അര്‍ദ്ധ സഹോദരന്‍ വൈഭവ് പാണ്ഡ്യ അറസ്റ്റില്‍. ഇന്ത്യന്‍ താരങ്ങളും സഹോദരങ്ങളുമായ ഹാര്‍ദിക്കിനെയും ക്രുണാല്‍ പാണ്ഡ്യയേയും വഞ്ചിച്ച് 4.25 കോടി രൂപ തട്ടിയെടുത്തെന്ന കേസിലാണ് പൊലീസ് നടപടിയുണ്ടായത്. ഹാര്‍ദിക് നല്‍കിയ പരാതിയില്‍ മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഹാര്‍ദിക്കിന്റെയും ക്രുണാലിന്റെയും പങ്കാളിത്ത സ്ഥാപനത്തില്‍ നിന്ന് 4.25 കോടി രൂപ വക മാറ്റിയെന്നും ഇതിലൂടെ സാമ്പത്തിക നഷ്ടം ഉണ്ടായെന്നുമാണ് പരാതി. വൈഭവ് പാണ്ഡ്യയ്‌ക്കെതിരെ വഞ്ചന, വ്യാജരേഖ ഉണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 2021ലാണ് ഹാർദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ അര്‍ദ്ധ സഹോദരന്‍ വൈഭവ് പാണ്ഡ്യയുമായി ചേര്‍ന്ന് കൂട്ടായ ബിസിനസ് ആരംഭിക്കുന്നത്.
കരാര്‍ പ്രകാരം ഹാര്‍ദ്ദിക്കിനും ക്രുണാലിനും ലാഭത്തില്‍ നിന്ന് 40 ശതമാനം വീതവും വൈഭവിന് 20 ശതമാനവുമാണ് ലഭിക്കുക. എന്നാല്‍ ലാഭം പങ്കിടുന്നതിന് പകരം ഒരു പ്രത്യേകം കമ്പനി തുടങ്ങി വൈഭവ് ബിസിനസില്‍ നിന്നുള്ള പണം അതിലേക്ക് വകമാറ്റുകയാണ് ചെയ്തതെന്ന് മുംബൈ പൊലീസ് സ്ഥിരീകരിച്ചു. തൻ്റെ ലാഭ ശതമാനം രണ്ട് സഹോദരന്മാരെയും അറിയിക്കാതെ വഞ്ചനാപരമായ രീതിയിലാണ് പ്രതി വർദ്ധിപ്പിച്ചത്. ഇതിനായി കരാറിൽ പാണ്ഡ്യ സഹോദരന്മാരുടെ വ്യാജ ഒപ്പ് അദ്ദേഹം ഉണ്ടാക്കിയതായി പൊലീസ് പറഞ്ഞു.
മുംബൈ പൊലീസ് വൈഭവിനെ ഏപ്രിൽ 8നാണ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയത്. തുടർന്ന് കോടതി ഏപ്രിൽ 12 വരെ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കുറ്റകൃത്യത്തിൽ വൈഭവിനെ സഹായിച്ചതിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്. കേസിൽ ഇവരുടെ പങ്ക് ബോധ്യപ്പെട്ടാൽ കൂടുതൽ അറസ്റ്റിന് സാധ്യതയുണ്ടെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. വഞ്ചന, ക്രിമിനൽ വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് വൈഭവിനെതിരെ ചുമത്തിയിരിക്കുന്നത്.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ