മുൻ ചെന്നൈ സൂപ്പർ കിങ്സ് നായകൻ എം.എസ്. ധോണിയെ ചെന്നൈയിലെ ആരാധകർ ഇഷ്ടപ്പെടാനുള്ള കാരണങ്ങൾ ഇന്ത്യൻ എക്സ്പ്രസിനോട് വിശദീകരിച്ച് ഇന്ത്യൻ സ്പിൻ ഇതിഹാസം രവിചന്ദ്രൻ അശ്വിൻ. ധോണി നയിച്ച ചെന്നൈ ടീമിൽ ദീർഘനാൾ കളിച്ചിട്ടുള്ള താരം കൂടിയാണ് അദ്ദേഹം. ധോണിയെ ചെന്നൈ നഗരവാസികൾ ഇഷ്ടപ്പെടാനുള്ള മനഃശാസ്ത്രത്തിലേക്കാണ് അശ്വിൻ കടന്നുചെല്ലുന്നത്.
“ചെന്നൈ നഗരവാസികൾക്ക് ധോണിയോടുള്ള സ്നേഹം, ചെന്നൈയ്ക്ക് രജനികാന്തിനോടുള്ള സ്നേഹം പോലെയാണ്. അതങ്ങനെ തുടരും. ആളുകളെ ആഘോഷിക്കാനും അവരെ സ്നേഹിക്കാനുമുള്ള ഒരു വലിയ പ്രവണത ചെന്നൈ നഗരത്തിനുണ്ട്. ചെന്നൈ നഗരവാസികൾ സ്പോർട്സും സിനിമയും ഏറെ ഇഷ്ടപ്പെടുന്നവരാണ്. സിഎസ്‌കെയ്‌ക്കായി ധോണി നിരവധി കിരീടങ്ങൾ നേടിയിട്ടുണ്ട്. അതും ഈ ഇഷ്ടത്തിനുള്ളൊരു പ്രധാന ഘടകമാണ്,”
“രജനികാന്തും അതിനുമുമ്പ് മുഖ്യമന്ത്രിയായ എം.ജി.ആറും ബ്ലോക്ക് ബസ്റ്ററുകൾ സൃഷ്ടിക്കുന്നത് പോലെ, ധോണിയും കൂട്ടരും ഈ നഗരത്തിന് കൈനിറയെ ട്രോഫികൾ നൽകി. ഇതിന് മുമ്പും കളിയോടുള്ള സ്നേഹവും അഭിനിവേശവും അടിസ്ഥാന സൗകര്യങ്ങളുമെല്ലാം ഉണ്ടായിരുന്നിട്ടും രണ്ട് തവണ മാത്രമാണ് തമിഴ്നാട് രഞ്ജി ട്രോഫി നേടിയത്. ചെന്നൈ സൂപ്പർ കിങ്സ് മത്സരിച്ച ഐപിഎല്ലിൻ്റെ 14 സീസണുകളിൽ അഞ്ച് തവണ അവർ കിരീടം നേടി. രണ്ടു വട്ടം ചാമ്പ്യൻസ് ട്രോഫി ജേതാക്കളുമായി. തമിഴ്നാട് നേരത്തെയും നിരവധി ക്രിക്കറ്റ് താരങ്ങൾക്ക് ജന്മം നൽകിയിരുന്നു. എന്നാൽ ധോണി വന്നതിന് ശേഷം അവരെല്ലാം മിന്നും താരങ്ങളായി മാറി,”
“സി.എസ്.കെയുടെ ഷെൽഫിലെ ട്രോഫികളുടെ എണ്ണം ഒരു വലിയ ഘടകമായിരുന്നു. അതോടൊപ്പം വ്യക്തിപരമായി ധോണിക്കുള്ള നേതൃത്വപാടവവും അദ്ദേഹത്തിൻ്റെ വ്യക്തിപ്രഭാവവും സ്വഭാവ മഹിമയും നിമിത്തം ടീം നിരവധി കിരീടങ്ങളിൽ മുത്തമിട്ടു. അദ്ദേഹത്തിന് കീഴിൽ ടീം വിജയിച്ചു. ട്രോഫികളും അതിശയകരമായി ഇരട്ടിയായി. ഒരു വ്യക്തി റിസൾട്ട് ഉണ്ടാക്കുന്നതിനനുസരിച്ച് ആളുകൾ അവരെ അംഗീകരിക്കും. ധോണി അത്ഭുതകരമായി ഫലം സൃഷ്ടിച്ചുവെന്ന് ഞാൻ കരുതുന്നു,” 516 ടെസ്റ്റ് വിക്കറ്റുകളുള്ള ഇന്ത്യൻ സ്പിന്നർ വിശദീകരിച്ചു.
ചില താരങ്ങൾ തങ്ങളുടെ പ്രകടനപരതയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടാമെന്ന് കരുതുന്നുണ്ട്. എന്നാൽ അത് എപ്പോഴും ശരിയാകാറില്ല. രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ ഇത് ചിലപ്പോൾ സഹായകമാകും. പക്ഷേ മറ്റുള്ളവരെ അപേക്ഷിച്ച് ചെന്നൈ കൂടുതൽ യാഥാസ്ഥിതിക നഗരമാണെന്ന് ഞാൻ കരുതുന്നു. ഇതിന് ഒരുപാട് ഓൾഡ് സ്കൂൾ മൂല്യങ്ങളുണ്ട്. ധോണിയെ സ്നേഹിക്കുന്ന 70 ശതമാനം ആളുകളും പറയും അദ്ദേഹം എത്ര വിനയാന്വിതനാണെന്ന്. അവർ അദ്ദേഹത്തോട് ഒരു ചോദ്യം ചോദിക്കുമ്പോൾ ധോണി ലളിതമായാണ് ഉത്തരം നൽകുന്നത്. ധോണിയുടെ ബൈക്കുകളേക്കാളും മുടിയെക്കാളും അവർ അവന്റെ വ്യക്തിത്വത്തെയാണ് അഭിനന്ദിക്കുന്നത്,” അശ്വിൻ പറയുന്നു.
“അദ്ദേഹത്തിന് നല്ല മര്യാദയും നല്ല പെരുമാറ്റവുമാണ്. ധോണിയെക്കുറിച്ച് ആളുകൾ വേണ്ടത്ര സംസാരിക്കാത്ത ഒരു കാര്യം, അദ്ദേഹം സംസാരിക്കുമ്പോൾ ഒരിക്കലും അപ്പുറത്ത് നിൽക്കുന്ന ആളുകളെ വേദനിപ്പിക്കുന്നില്ല. നിങ്ങൾ ആളുകളെ വേദനിപ്പിക്കുന്നില്ലെങ്കിൽ അത് നിങ്ങളുടെ നല്ല സ്വഭാവമാണത്. ധോണി എന്തെങ്കിലും ഇഷ്ടപ്പെട്ടില്ലെങ്കിലും അത് അദ്ദേഹം പ്രകടിപ്പിക്കാറില്ല. എല്ലാ കാര്യങ്ങളേയും വസ്തുനിഷ്ഠമായി സമീപിക്കുന്നതും ഒരു നല്ല പെരുമാറ്റമാണ്. ധോണിയെക്കുറിച്ച് ഞാൻ പറഞ്ഞ കാര്യങ്ങളെല്ലാം വാസ്തവമാണെന്ന് ചെന്നൈയിലെ ജനങ്ങളും സമ്മതിക്കും, അതാണ് ധോണി,” അശ്വിൻ പറഞ്ഞുനിർത്തി.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ