ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ മുൻ നായകൻ രോഹിത് ശർമ്മയ്ക്ക് നാണക്കേടിന്റെ റെക്കോർഡ് നേട്ടം. ഏറ്റവും കൂടുതൽ തവണ ഇന്ത്യൻ പ്രീമിയർ ലീഗിൽ പൂജ്യത്തിന് പുറത്താകുന്ന താരമെന്ന റെക്കോർഡിനൊപ്പമാണ് രോഹിത് എത്തിയത്. രാജസ്ഥാൻ റോയൽസിന്റെ ട്രെന്റ് ബോൾട്ടാണ് രോഹിത്തിനെ ഇന്ന് പൂജ്യത്തിന് പുറത്താക്കിയത്. നേരിട്ട ആദ്യ പന്തിൽ തന്നെ വിക്കറ്റ് കീപ്പർ സഞ്ജു സാംസണാണ് രോഹിത്തിനെ തകർപ്പനൊരു ഡൈവിങ് ക്യാച്ചിലൂടെ പുറത്താക്കിയത്. ഒറ്റ വാക്കിൽ തന്നെ അതിമനോഹരമായൊരു ക്യാച്ചാണിത്.
ഐപിഎല്ലിൽ 17ാം തവണയാണ് രോഹിത് പൂജ്യത്തിന് പുറത്തായിട്ടുള്ളത്. രോഹിത്തിനൊപ്പം തന്നെ 17 തവണ പൂജ്യത്തിന് പുറത്തായ മറ്റൊരു താരം കൂടി ഐപിഎല്ലിലുണ്ട്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ വിക്കറ്റ് കീപ്പർ ബാറ്ററായ ദിനേഷ് കാർത്തികാണ് രോഹിത്തിനൊപ്പം ഈ നാണക്കേടിന്റെ റെക്കോർഡ് പങ്കിടുന്നത്. 17 തവണയാണ് കാർത്തിക്കും ഗോൾഡൻ ഡക്കായിട്ടുള്ളത്.
മത്സരം തുടങ്ങുന്നതിന് മുമ്പ് ഏറെ ആർപ്പുവിളികൾ കിട്ടിയ രോഹിത്ത് പൂജ്യത്തിന് പുറത്തായപ്പോൾ സ്റ്റേഡിയം തീർത്തും നിശബ്ദരായി. പിന്നീട് നാല് വിക്കറ്റുകൾ തുടരെ നഷ്ടമായതിന് പിന്നാലെയാണ് നായകൻ ഹാർദിക് പാണ്ഡ്യ ക്രീസിലെത്തുന്നത്. എന്നാൽ പ്രത്യാക്രമണത്തിലൂടെ സ്കോർ അതിവേഗം ഉയർത്തി ആരാധകരുടെ കൈയ്യടി വാങ്ങുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
21 പന്തുകൾ നേരിട്ട പാണ്ഡ്യ ആറ് ഫോറുകൾ സഹിതമാണ് 34 റൺസെടുത്തത്. തിലക് വർമ്മയ്ക്കൊപ്പം (32) അഞ്ചാം വിക്കറ്റിൽ 56 റൺസിന്റെ കൂട്ടുകെട്ടാണ് പാണ്ഡ്യ പടുത്തുയർത്തിയത്. എന്നാൽ യുസ്വേന്ദ്ര ചഹൽ ഇരുവരേയും പുറത്താക്കി പാർട്ണർഷിപ്പ് തകർത്തു. മത്സരത്തിൽ മൂന്ന് വിക്കറ്റുമായി ചഹൽ മികച്ച പ്രകടനമാണ് നടത്തിയത്. നാലോവറിൽ വെറും 11 റൺസ് വിട്ടുനൽകിയാണ് ചഹൽ തിളങ്ങിയത്.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ