ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെ അവരുടെ ഹോം ഗ്രൗണ്ടായ വാംഖഡെയിൽ ചെന്ന് ആറ് വിക്കറ്റിന് തോൽപ്പിച്ച് സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ്. കളിച്ച മൂന്ന് മത്സരങ്ങളും ആധികാരികമായി ജയിച്ചാണ് രാജസ്ഥാൻ മുന്നേറുന്നത്. ഇതോടെ പോയിന്റ് പട്ടികയിൽ ആറ് പോയിന്റുമായി തലപ്പത്താണ് രാജസ്ഥാൻ. നാല് വീതം പോയിന്റുള്ള കെകെആറും സിഎസ് കെയും ആണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
അതേസമയം, ടീമിൽ വലിയ താരങ്ങളുണ്ടെന്ന് അറിയാമെന്നും അവസരങ്ങൾക്കൊത്ത് ടീമിനായി തിളങ്ങാനാണ് സഹതാരങ്ങളോട് ആവശ്യപ്പെടാറുള്ളതെന്നും ക്യാപ്ടൻ സഞ്ജു സാംസൺ പറഞ്ഞു. മത്സരത്തിന്റെ തുടക്കത്തിൽ അതിവേഗം വിക്കറ്റുകൾ വീണത് തന്നെ ആശ്ചര്യപ്പെടുത്തി. ഒരു ഘട്ടത്തിൽ നോക്കുമ്പോൾ അഞ്ച് വിക്കറ്റുകൾ വീണുവെന്നത് വിശ്വസിക്കാനായില്ലെന്നും സഞ്ജു കൂട്ടിച്ചേർത്തു.
തുടർച്ചയായ രണ്ടാം മത്സരത്തിലും അർധസെഞ്ചുറി നേടിയ റിയാൻ പരാഗിന്റെ കരുത്തിൽ 15.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാൻ ലക്ഷ്യം കണ്ടത്. 39 പന്തിൽ മൂന്ന് സിക്സും അഞ്ച് ഫോറും പറത്തിയാണ് പരാഗ് കളി നിയന്ത്രിച്ചത്. 181 റൺസുമായി വിരാട് കോഹ്ലിക്കൊപ്പമെത്തിയ പരാഗ് ഓറഞ്ച് ക്യാപ് സ്വന്തമാക്കി.
സ്ട്രൈക്ക് റേറ്റിന്റെ ആനുകൂല്യത്തിലാണ് പരാഗ് ഒന്നാമതെത്തിയത്. കോഹ്ലിക്കും 181 റൺസ് ഉണ്ടെങ്കിലും സ്ട്രൈക്ക് റേറ്റ് 141 മാത്രമാണ്. 167 റൺസുള്ള ഹൈദരാബാദിന്റെ ഹെൻറിച് ക്ലാസനാണ് മൂന്നാം സ്ഥാനത്ത്.
രാജസ്ഥാൻ ക്യാപ്ടൻ സഞ്ജു സാംസൺ (12) തുടർച്ചയായ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തി. ടൂർണമെന്റിൽ ഇതേവരെ ഫോമിലേക്കുയരാത്ത ജോസ് ബട്ലർ (13) മൂന്നാം മത്സരത്തിലും നിരാശപ്പെടുത്തുന്നതാണ് കണ്ടത്.
മുംബൈയ്ക്കായി ആകാശ് മധ്വാൾ മൂന്ന് വിക്കറ്റുമായി മികച്ച ബോളിങ്ങ് പ്രകടനം കാഴ്ചവച്ചു. ജെറാൾഡ് കോട്സി ഒഴികെയുള്ള താരങ്ങളെല്ലാം റൺ വിട്ടുനൽകുന്നതിൽ പിശുക്ക് കാണിച്ചു. രാജസ്ഥാനായി നാലോവറിൽ 22 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുമായി തിളങ്ങിയ ട്രെന്റ് ബോൾട്ട് ആണ് കളിയിലെ താരമായത്. യുസ്വേന്ദ്ര ചഹലും മൂന്ന് വിക്കറ്റെടുത്തിരുന്നു.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ