ക്രിക്കറ്റിൽ റിവ്യൂ സിസ്റ്റത്തിന് സമാകാലിക ക്രിക്കറ്റിൽ പ്രധാന്യമേറി വരികയാണ്. പണ്ടൊക്കെ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ ഒക്കെ 90കളിൽ അമ്പയറുടെ മോശം തീരുമാനത്തെ തുടർന്ന് പലപ്പോഴും പുറത്താകുന്നത് നമ്മൾ നിരാശകരാകാറുണ്ടായിരുന്നു. അന്ന് അമ്പയറുടെ തീരുമാനം അന്തിമം ആയിരുന്നു. അതിനെ ചോദ്യം ചെയ്യുന്നതും പ്രതിഷേധം പ്രകടിപ്പിക്കുന്നതും പിഴ ശിക്ഷ ലഭിക്കാവുന്ന കുറ്റവുമായിരുന്നു.
ടി.വി. റിപ്ലേകളുടെ സഹായത്തോടെ തീരുമാനം എടുക്കാൻ തേർഡ് അമ്പയറെ സമീപിക്കുന്ന രീതിയാണ് റിവ്യൂ സിസ്റ്റം. എല്ലാ മത്സരങ്ങളിലും ഇരു ടീമുകൾക്കും നിശ്ചിത എണ്ണം റിവ്യൂകളാണ് അനുവദിക്കാറുള്ളത്. ഫീൽഡിങ് സമയത്ത് ക്യാപ്റ്റന് മാത്രമാണ് റിവ്യൂ തേടാനാകുക. ബാറ്റിങ്ങ് ടീമിന് ക്രിസീലുള്ളത് ആരാണോ ആ ബാറ്റർക്ക് റിവ്യൂ തേടാനാകും. എന്നാൽ റിവ്യൂ പാഴാക്കുന്നതും നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ട്. അത്തരത്തിൽ ഒരു റിവ്യൂ തീരുമാനമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
ബംഗ്ലാദേശും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനമാണ് രസകരമായ സംഭവം. 44ാം ഓവറിൽ കുശാൽ മെൻഡിസിനെതിരെ തായ്ജുൾ എറിഞ്ഞ അഞ്ചാം പന്തിലാണ് ടീമംഗങ്ങളുടെ ലെഗ് ബിഫോർ അപ്പീൽ ഉയർന്നത്. പന്ത് നേരിട്ട് ബാറ്റിലാണ് കൊണ്ടതെന്ന് ആദ്യമേ വ്യക്തമായിരുന്നു. എന്നാൽ ബംഗ്ലാദേശ് ക്യാപ്റ്റന്റേയും ബൌളറുടേയും അശ്രദ്ധ മൂലം ഒരു റിവ്യൂ അനാവശ്യമായി പാഴാകുന്ന കാഴ്ചയാണ് കണ്ടത്.
— CricTracker (@Cricketracker) March 30, 2024
ബംഗ്ലാ നായകൻ ചമ്മലൊളിപ്പിക്കാൻ പാടുപെടുന്നതും വീഡിയോയിൽ കാണാം. നൂറ്റാണ്ടിലെ ഏറ്റവും മണ്ടൻ റിവ്യൂ എന്ന മട്ടിലാണ് സോഷ്യൽ മീഡിയ ബംഗ്ലാദേശ് ക്യാപ്റ്റൻ നജ്മുൾ ഹൊസൈൻ ശാന്തോയുടെ തീരുമാനത്തെ വിലയിരുത്തുന്നത്.
ക്യാപ്റ്റന് കണ്ണില്ലേയെന്നും എവിടെ നോക്കിയാണ് ഇത്തരം മണ്ടൻ തീരുമാനങ്ങൾ എടുക്കുന്നതെന്നും ആരാധകർ സോഷ്യൽ മീഡിയയിലൂടെ ചോദിച്ചു. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച റിവ്യൂ ആണിതെന്നാണ് ഒരു മഹാൻ ട്രോളിയത്.