ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനായി കൊടുങ്കാറ്റ് പോലെ അരങ്ങേറി ഓസ്ട്രേലിയൻ ഓപ്പണർ ട്രാവിസ് ഹെഡ്ഡ് (62). സൺറൈസേഴ്സിനായി ഒരു താരം നേടുന്ന വേഗതയേറിയ അർധസെഞ്ചുറിയും അദ്ദേഹം തന്റ പേരിലാക്കി. ഹൈദരാബാദിനായി 20 പന്തിൽ നിന്ന് ഫിഫ്റ്റി നേടിയ ഡേവിഡ് വാർണറുടെ റെക്കോർഡാണ് ട്രാവിസ് ഹെഡ്ഡ് മറികടന്നത്. എന്നാൽ ഈ റെക്കോർഡിന് മിനിറ്റുകളുടെ മാത്രം ആയുസ്സേ ഉണ്ടായിരുന്നുള്ളൂ.
ഹെഡ്ഡ് 18 പന്തിൽ നിന്ന് ഫിഫ്റ്റി തികച്ചപ്പോൾ, പിന്നാലെയെത്തിയ അഭിഷേക് ശർമ്മ (63) വെറും 16 പന്തിൽ നിന്ന് അർധസെഞ്ചുറി കണ്ടെത്തി. നിലവിൽ സൺറൈസേഴ്സിനായി ഒരു താരം നേടുന്ന വേഗതയേറിയ അർധസെഞ്ചുറി എന്ന റെക്കോർഡ് അഭിഷേക് ശർമ്മയുടെ പേരിലാണ്. ഏഴ് സിക്സും മൂന്ന് ഫോറും പറത്തിയ അഭിഷേകിനെ പീയുഷ് ചൌളയുടെ പന്തിൽ നമൻ ദിർ തന്നെ ക്യാച്ചെടുത്ത് പുറത്താക്കി.
24 പന്തിൽ നിന്ന് 62 റൺസെടുത്ത് അപകടകാരിയായി മാറിയ ഹെഡ്ഡിനെ ജെറാൽഡ് കോട്സിയുടെ പന്തിൽ നമൻ ദിർ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. മൂന്ന് സിക്സറും ഒമ്പത് ഫോറുകളും സഹിതമാണ് ഹെഡ്ഡ് മുംബൈയെ ഞെട്ടിച്ചത്. മുംബൈയ്ക്കായി ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച ദക്ഷിണാഫ്രിക്കൻ പേസർ ക്വെന മഫാക്ക എറിഞ്ഞ മൂന്നാം ഓവറിൽ 21 റൺസാണ് ഹെഡ്ഡ് അടിച്ചെടുത്തത്. രണ്ട് ഫോറുകളും രണ്ട് സിക്സുകളും ഈ ഓവറിൽ പിറന്നു.
മഫാക്ക എറിഞ്ഞ പത്താം ഓവറിലും 20 റൺസ് പിറന്നു. അഭിഷേക് ശർമ്മയാണ് ഇക്കുറി അരങ്ങേറ്റക്കാരനെ തല്ലിത്തകർത്തത്. പീയുഷ് ചൌള ഏഴാം ഓവറിൽ 21 റൺസ് പിറന്നു. മൂന്ന് സിക്സുകളാണ് ഈ ഓവറിൽ അഭിഷേക് ശർമ്മ പറത്തിയത്.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ