ഇന്ത്യൻ പ്രിമിയർ ലീഗ് പതിനേഴാം സീസണിന് ഇന്ന് തുടക്കം. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലാണ് ഉദ്ഘാടന മത്സരം. ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ് (ചെപ്പോക്ക്) മത്സരം. രാത്രി 8 മണിക്ക് മത്സരം ആരംഭിക്കും.
വനിതാ ടീമും കപ്പടിച്ചതോടെ എന്തു വില നൽകിയും ആദ്യ കിരീടം സ്വന്തമാക്കുമെന്ന പ്രതീക്ഷയോടെയാണ് ബെംഗളൂരു ഇറങ്ങുന്നത്. ചെന്നൈയുടെ നായക സ്ഥാനം ഒഴിഞ്ഞ ധോണിക്ക് പകരം റുതുരാജ് ഗെയ്‌ക്‌വാദ് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുന്ന ആദ്യ മത്സരമാണിത്. ഫാഫ് ഡുപ്ലസിസാണ് ആര്‍സിബിയെ നയിക്കുന്നത്.
എ.ആർ. റഹ്മാന്‍റെ സംഗീത വിരുന്നോട് കൂടിയ വർണ്ണാഭമായ പരിപാടിയോടെയാണ് ഐപിഎൽ 2024ന് തിരശീല ഉയരുന്നത്. ബോളിവുഡ് നടൻമാരായ അക്ഷയ് കുമാർ, ടൈഗർ ഷ്രോഫ്, ഗായകൻ സോനു നിഗം തുടങ്ങിയ വൻ താരനിര തന്നെ ചടങ്ങിന് സാക്ഷിയാകും. വൈകിട്ട് ആറരയോടെയാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കുക.
രണ്ട് ഇന്ത്യൻ ഇതിഹാസ താരങ്ങളാണ് ഇത്തവണ നായകസ്ഥാനത്ത് നിന്ന് മാറിയത്. വർഷങ്ങളായി മുംബൈയെ നയിച്ച് കപ്പ് നേടിക്കൊടുത്ത രോഹിത് ശർമയും, സി.എസ്.കെയ നയിച്ച ‘തല’ ധോണിയും ഇത്തവണ നായക സ്ഥാനത്തില്ല. ഐപിഎല്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച രണ്ട് ക്യാപ്റ്റൻമാരാണ് ഇതോടെ നായകസ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നത്. 43 വയസാകുന്ന ധോണി ഈ സീസണോടെ കളി അവസാനിപ്പിക്കുമെന്നും റിപ്പോർട്ടുണ്ട്.
അഞ്ച് തവണ ധോണിയുടെ കീഴിൽ ചെന്നൈ സൂപ്പർ കിംഗ്സ് കപ്പുയർത്തി. 2010, 2011, 2018, 2021, 2023 വർഷങ്ങളിലാണ് ചെന്നെ ഐപിഎൽ കിരീടം നേടിയത്. അഞ്ചു തവണ റണ്ണേഴ്സ് അപ്പ് ആകാനും തലയ്ക്കും സംഘത്തിനും സാധിച്ചു. 2010, 2014 വര്‍ഷങ്ങളിലെ ചാമ്പ്യൻസ് ട്രോഫിയും ധോണിയുടെ ക്യാപ്റ്റൻസിയിൽ ചെന്നൈ നേടി.
മുംബൈയെ നായകസ്ഥാനത്ത് നിന്ന് നയിച്ച ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ രോഹിത് ശർമ്മ 2013, 2015, 2017, 2019, 2020 വർഷങ്ങളിൽ അഞ്ച് കിരീടങ്ങൾ സ്വന്തമാക്കി. ഹാർദിക് പാണ്ഡ്യയാണ് മുംബൈയുടെ നിലവിലെ ക്യാപ്റ്റൻ. കഴിഞ്ഞ രണ്ട് സീസിണുകളിലായി ഗുജറാത്ത് ടെറ്റൻസിനായി കളിച്ച ഹാർദിക്കിന് നായകസ്ഥാനം നൽകിയാണ് ടീമിലേക്ക് തിരികെയെത്തിച്ചത്. ഗുജറാത്തിനായി ഒരു തവണ കപ്പുയർത്താനും ഹാർദിക്കിനായി.
ഐപിഎല്‍ 2024 ടീമുകള്‍
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു – ക്യാപ്റ്റൻ: ഫാഫ് ഡുപ്ലിസി
ചെന്നൈ സൂപ്പർ കിംഗ്സ് – ക്യാപ്റ്റൻ: റുതുരാജ് ഗെയ്‌ക്‌വാദ്
മുംബൈ ഇന്ത്യൻസ് – ക്യാപ്റ്റൻ: ഹാർദിക് പാണ്ഡ്യ
ഡൽഹി ക്യാപിറ്റൽസ് – ക്യാപ്റ്റൻ: റിഷഭ് പന്ത്
ഗുജറാത്ത് ടൈറ്റൻസ് – ക്യാപ്റ്റൻ: ശുഭ്മൻ ഗിൽ
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – ക്യാപ്റ്റൻ: ശ്രേയസ് അയ്യർ
ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് – ക്യാപ്റ്റൻ: ലോകേഷ് രാഹുൽ
പഞ്ചാബ് കിംഗ്സ് – ക്യാപ്റ്റൻ: ശിഖർ ധനാൻ
രാജസ്ഥാൻ റോയൽസ് – ക്യാപ്റ്റൻ: സഞ്ജു സാംസൺ
സൺറൈസേഴ്സ് ഹൈദരാബാദ് – ക്യാപ്റ്റൻ: പാറ്റ് കമ്മിൻസ്
ഐപിഎൽ മത്സരം എപ്പോൾ, എവിടെ കാണാം?
മത്സരത്തിലെ സംപ്രേഷണാവകാശം സ്റ്റാർ സ്പോർട്സിനാണ് ലഭിച്ചിരിക്കുന്നത്. സ്റ്റാർ സ്പോർട്സ് ചാനലുകളിൽ മത്സരം കാണാനാകും. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലും ജിയോ സിനിമാ ആപ്പിലും തത്സമയം സംപ്രേക്ഷണം കാണാം. ഉദ്ഘാടന ദിവസം രാത്രി 8 മണിക്കും, തുടർന്നുള്ള ദിവസങ്ങളിൽ ഉച്ചയ്ക്ക് 3.30നും രാത്രി 7.30നും ആണ് മത്സരങ്ങൾ ലൈവായി കാണാനാകുക. ടോസ് യഥാക്രമം ഉച്ചയ്ക്ക് 3 മണിക്കും രാത്രി 7 മണിക്കും ഇടും.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ