
ഡൽഹി: വനിതാ ഗുസ്തിക്കാരെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ആരോപണവിധേയനായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ അടുത്ത അനുയായിയായ സഞ്ജയ് സിങ്ങിന് തിങ്കളാഴ്ച മുതൽ റെസ് ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (WFI) പൂർണനിയന്ത്രണം ലഭിച്ചു. മൂന്നംഗ അഡ് ഹോക് കമ്മിറ്റിയെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (IOA) പിരിച്ചുവിട്ടതോടെയാണ് നിലവിലെ ഭരണസമിതിക്ക് അധികാരം തിരിച്ചുകിട്ടിയത്.
നേരത്തെ താരങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് കേന്ദ്ര സർക്കാർ നിർദ്ദേശ പ്രകാരമാണ് സഞ്ജയ് സിങ് നേതൃത്വം നൽകുന്ന റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയെ പിരിച്ചുവിട്ടത്. ഗുസ്തി ഫെഡറേഷനും അതിന്റെ മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷണിനുമെതിരായ പ്രതിഷേധത്തിൻ്റെ മുൻനിരയിലുള്ള ഗുസ്തി താരങ്ങളായ ബജ്‌റങ് പുനിയയുടെയും വിനേഷ് ഫോഗട്ടിൻ്റെയും പാരീസ് ഒളിമ്പിക്‌സ് അഭിലാഷങ്ങൾ ഇതോടെ അനിശ്ചിതത്വത്തിലായേക്കും.
റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയ്ക്ക് മേൽ ചുമത്തിയ വിലക്ക് യുണൈറ്റഡ് വേൾഡ് റെസ്‌ലിങ് (UWW) നീക്കിയതിന് പിന്നാലെയാണ് നടപടി. പാരീസ് ഒളിമ്പിക്‌സ് യോഗ്യതാ ടൂർണമെന്റുകൾ ഫലപ്രദമായി നടത്തിയതിന് ശേഷമാണ് ലോക ഗുസ്തി ഫെഡറേഷൻ നിലപാട് മയപ്പെടുത്തിയതെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) അറിയിച്ചു. “മേൽപ്പറഞ്ഞ സംഭവവികാസങ്ങളുടെ ഫലമായി, ഒരു അഡ്‌ഹോക്ക് കമ്മിറ്റി മുഖേന ഡബ്ല്യുഎഫ്ഐയുടെ പ്രവർത്തനങ്ങൾ നടത്തേണ്ട ആവശ്യമില്ല,” കായിക മന്ത്രാലയം സെക്രട്ടറിക്ക് അയച്ച ഉത്തരവിൽ ഐഒഎ വ്യക്തമാക്കി.
ലോക ഗുസ്തി ഫെഡറേഷൻ രണ്ട് നിബന്ധനകളും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് മുന്നിൽ വച്ചിട്ടുണ്ട്. ദുരുപയോഗത്തിൻ്റെയും ഉപദ്രവത്തിൻ്റെയും ആശങ്കകൾ പരിഹരിക്കാൻ ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ ഒരു സുരക്ഷാ സമിതിയെ/ ഉദ്യോഗസ്ഥനെ എത്രയും വേഗം നിയമിക്കണം. അത്‌ലറ്റ്‌സ് കമ്മീഷൻ തിരഞ്ഞെടുപ്പ് നടത്തുക എന്നതാണ് രണ്ടാമത്തേത്. ലണ്ടൻ ഒളിമ്പിക്സിലെ വെങ്കല മെഡൽ ജേതാവ് യോഗേശ്വർ ദത്തിനെ ചെയർമാനായി നേരത്തെ തിരഞ്ഞെടുത്തത് അസാധുവാക്കി.
ഐഒഎയുടെയും യുണൈറ്റഡ് വേൾഡ് റെസ്‌ലിങ്ങിന്റേയും ആവശ്യങ്ങൾ താൻ നിറവേറ്റുമെന്ന് സഞ്ജയ് സിങ് ഇന്ത്യൻ എക്സ്‌പ്രസിനോട് പറഞ്ഞു. “ഇത് എനിക്ക് വ്യക്തിപരമായി ആശ്വാസമാണ്. ഇപ്പോൾ, എനിക്ക് ഗുസ്തി കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പാരീസ് ഒളിമ്പിക്സിൽ മെഡൽ നേടാനാകുമെന്ന് ഉറപ്പാക്കാൻ എന്തുചെയ്യാനാകുമെന്ന് നോക്കാനും കഴിയും,” സഞ്ജയ് സിങ് പറഞ്ഞു.
Read More
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ
- ജയ് ജയ് ജെയ്സ്വാൾ; വെടിക്കെട്ട് ബാറ്ററെ തേടിയെത്തി മറ്റൊരു രാജ്യാന്തര ബഹുമതി
- നൂറാം ടെസ്റ്റിൽ റെക്കോർഡുമായി അശ്വിൻ; ഇന്ത്യയ്ക്ക് അവിസ്മരണീയ ജയം















