ഡൽഹി: രാജ്യത്ത് പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഐപിഎൽ ഇന്ത്യയിൽ തന്നെ നടക്കുമെന്ന് സ്ഥിരീകരിച്ച് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ഐപിഎല്ലിന്റെ രണ്ടാം ഘട്ടം യുഎഇയിൽ നടത്തുമെന്ന റിപ്പോർട്ടുകൾ തള്ളിക്കൊണ്ടാണ് ഷാ ഇന്ത്യൻ എക്സ്പ്രസിനോട് ഇക്കാര്യം സ്ഥിരീകരിച്ചത്.
“മുഴുവൻ ഐപിഎൽ മത്സരങ്ങളും ഇന്ത്യയിൽ വച്ച് മാത്രമെ നടക്കൂ. ബിസിസിഐ മുഴുവൻ ഷെഡ്യൂളും പുറത്തിറക്കാൻ ഒരുങ്ങുകയാണ്. അത് ഉടനെ പരസ്യമാക്കും, ”ബിസിസിഐ സെക്രട്ടറി ജയ് ഷാ ഇന്ത്യൻ എക്സ്‌പ്രസിനോട് പറഞ്ഞു.
ഏപ്രിൽ 19 മുതൽ ഏഴ് ഘട്ടങ്ങളിലായാണ് ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. 2019ലെ പൊതുതെരഞ്ഞെടുപ്പിൽ ബിസിസിഐ സമാനമായ സാഹചര്യം നേരിട്ടിരുന്നുവെങ്കിലും ഐപിഎൽ ഇന്ത്യയിൽ നടന്നിരുന്നു. മാർച്ച് 22 മുതൽ ഏപ്രിൽ 7 വരെയുള്ള ആദ്യ 21 ഐപിഎൽ മത്സരങ്ങളുടെ ഷെഡ്യൂൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ടൂർണമെൻ്റിൻ്റെ ശേഷിക്കുന്ന ഷെഡ്യൂൾ ബിസിസിഐ ഉടൻ പൂർത്തിയാക്കുമെന്ന് ഷാ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.
“ഇന്ത്യയിലെ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ പ്രോട്ടോക്കോളുകളും ഉപദേശങ്ങളും പാലിച്ചുകൊണ്ട് മുൻകാലങ്ങളിലേത് പോലെ, ബിസിസിഐ, സർക്കാർ, സുരക്ഷാ ഏജൻസികളുമായി ചേർന്ന് പ്രവർത്തിക്കും. 18-ാം ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ തീയതികൾ പ്രഖ്യാപിച്ചു കഴിഞ്ഞാൽ, ആദ്യ രണ്ടാഴ്ചത്തെ ഷെഡ്യൂളുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങൾ ബോർഡ് അവലോകനം ചെയ്യുകയും പരിഹരിക്കുകയും ചെയ്യും. തിരഞ്ഞെടുപ്പ് തീയതികൾ നോക്കി സീസണിൻ്റെ ശേഷിക്കുന്ന ഷെഡ്യൂൾ അന്തിമമാക്കാൻ ബിസിസിഐ പ്രാദേശിക അധികാരികളുമായി ചേർന്ന് പ്രവർത്തിക്കും,” ജയ് ഷാ പറഞ്ഞു.
അതേസമയം, ഐപിഎൽ ടീമുകൾ ഇതിനോടകം തയ്യാറെടുപ്പുകൾ ആരംഭിച്ചുകഴിഞ്ഞു. ഭൂരിഭാഗം കളിക്കാരും അതത് ടീമുകൾക്കൊപ്പം ചേരാൻ തുടങ്ങിയിട്ടുണ്ട്. മാർച്ച് 22ന് ചെന്നൈയിൽ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സും ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സും തമ്മിലാണ് സീസണിലെ ഉദ്ഘാടന മത്സരം.
Read More
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ
- ജയ് ജയ് ജെയ്സ്വാൾ; വെടിക്കെട്ട് ബാറ്ററെ തേടിയെത്തി മറ്റൊരു രാജ്യാന്തര ബഹുമതി
- നൂറാം ടെസ്റ്റിൽ റെക്കോർഡുമായി അശ്വിൻ; ഇന്ത്യയ്ക്ക് അവിസ്മരണീയ ജയം